അടിമാലി: ആനച്ചാൽ ടൗൺ കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. വേഗത്തിൽ വളരുന്ന ടൗണുകളിൽ ഒന്നാണ് ആനച്ചാൽ. നിലവിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആനച്ചാൽ ടൗൺ ഉള്ളത്. മൂന്നാറിലേക്കുള്ള യാത്രയിലെ ഇടത്താവളമെന്ന നിലയിൽ നൂറുകണക്കിന് സഞ്ചാരികളും വാഹനങ്ങളും ആനച്ചാൽ ടൗണിൽ വന്നു പോകുന്നു. നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിക്കുന്നതിനാൽ രാത്രികാലത്തു പോലും ആനച്ചാൽ സജീവമാണ്. ഇടുങ്ങിയ ടൗണായതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ആഡിറ്റ് കയറ്റത്തിലടക്കം ഗതാഗതകുരുക്കുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ ടൗൺ കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആനച്ചാൽ ടൗണുമായി ചേർന്ന് കിടക്കുന്ന രണ്ടാംമൈലിലും ഗതാഗതകുരുക്കുണ്ടാകുന്നത് പതിവ് സംഭവമാണ്. അടിയന്തര സാഹചര്യത്തിൽ ഇവിടെയും പൊലീസിന്റെ സേവനം ലഭ്യമാകാൻ പൊലീസ് ഔട്ട് പോസ്റ്റാരംഭിച്ചാൽ സാധിക്കും.