thomara-payar
തൊമരപ്പയർ

അടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ ഒന്നാണ് തൊമരപ്പയർ കൃഷി. മുമ്പ് ഹൈറേഞ്ചിൽ വ്യാപകമായിരുന്നെങ്കിലും ഇന്ന് ചുരുക്കം ചില വീടുകളുടെ തൊടിയിൽ മാത്രമായി തൊമരപ്പയർ കൃഷി ഒതുങ്ങി. ദാരിദ്ര്യത്തോട് പടവെട്ടിയ ഹൈറേഞ്ചിലെ കുടിയേറ്റ കർഷകന്റെ ആദ്യകാല ഭക്ഷണ വിഭവങ്ങളിലൊന്നായിരുന്നു തൊമരപ്പയർ. ഒരു ശരാശരി മലയോര കർഷകന്റെ തീൻമേശയിൽ കപ്പയ്ക്കും കാന്താരിയ്ക്കുമൊപ്പം തൊമരപ്പയറിനും സ്ഥാനം ലഭിച്ചിരുന്നു. കപ്പയും തൊമര പയർ പുഴുക്കും കുടിയേറ്റ കർഷകന്റെ അതിജീവന ഭക്ഷണ വിഭവങ്ങളിലൊന്നായി ഗൃഹാതുരതയിൽ ഉണ്ട്. വേനൽക്കാലത്തിന് തുടക്കം കുറിച്ചതോടെ തൊമരപ്പയറും വിളവെടുപ്പിന് പാകമായി കഴിഞ്ഞു. മുമ്പ് വ്യാപകമായി കൃഷി ചെയ്തിരുന്ന കാലത്ത് തൊമരപ്പയർ ഉണക്കി, പരിപ്പ് വേർതിരിച്ച് കർഷകർ വിൽപ്പന നടത്തിയിരുന്നു. മറ്റിടങ്ങളിൽ നിന്ന് തൊമരപ്പയർ വാങ്ങാൻ ഹൈറേഞ്ചിലേക്ക് വ്യാപാരികളും വന്നിരുന്നു. മരുന്നോ മറ്റു കീടനാശിനികളോ ആവശ്യമില്ലാത്തതിനാൽ തികച്ചും ജൈവികമായി തന്നെ തൊമരപ്പയർ ഉത്പാദിപ്പിക്കാനും സാധിക്കും.