അടിമാലി: കൂമ്പൻപാറ സ്വദേശി അമ്പലത്തിങ്കൽ സുരേന്ദ്രന്റെ കൃഷിയിടത്തിൽ വിളഞ്ഞ കപ്പയുടെയും ചേനയുടെയും തൂക്കം കേട്ടാൽ ഞെട്ടും. ഒരു ചുവട് കപ്പയുടെ തൂക്കം 200 കിലോ, ഒരു ചേനയുടെ ഭാരം 70 കിലോ. കാർഷിക മേളകളിൽ സ്ഥിരസാന്നിധ്യമായ സുരേന്ദ്രൻ ഇത്തവണയും തന്റെ പുരയിടത്തിൽ പതിവ് തെറ്റിക്കാതെ ഭീമൻ കപ്പയും ചേനയും വിളയിക്കുകയായിരുന്നു. ജൈവ രീതിയിലാണ് താൻ ഇവ രണ്ടും വിളയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. വിളകൾ തൊടുപുഴയിൽ നടന്ന കാർഷികമേളയിൽ പ്രദർശനത്തിനെത്തിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കൊവിഡ് ആശങ്കയിൽ സംഘാടകർ ഇക്കുറി വിളപ്രദർശനം വേണ്ടെന്ന് വച്ചതോടെ ലഭിച്ച വിളവ് വിറ്റഴിക്കുക മാത്രമാണ് സുരേന്ദ്രന്റെ മുമ്പിലുള്ള പോംവഴി. കഴിഞ്ഞ വർഷം നടന്ന കാർഷിക മേളയിൽ 220 കിലോ തൂക്കമുള്ള കപ്പ, 80 കിലോ തൂക്കമുള്ള ചേന, 70 കിലോ തൂക്കമുള്ള കാച്ചിൽ എന്നിവ സുരേന്ദ്രൻ പ്രദർശനത്തിനെത്തിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് അടിമാലി ഫെസ്റ്റിൽ വിളകൾ പ്രദർശനത്തിനെത്തിച്ചായിരുന്നു സുരേന്ദ്രന്റെ തുടക്കം.