പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പടനിലം ഭാഗത്തെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു. ഇതോടെ പ്രദേശത്ത് നിറുത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചു. സംസ്ഥാനപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കം പരിഹരിക്കുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഡോ.എൻ.ജയരാജ് എം.എൽ.എ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് രാത്രിയിൽ നിർമ്മാണം നടത്താൻ ശ്രമിച്ചത് കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് കെ.എസ്.ടി.പി അധികൃതർക്കും പ്രോജക്ട് ഡയറക്ടർക്കും പരാതി നല്കി. പരാതി പരിഹരിക്കുന്നതിന് കൺസൾട്ടൻസിയുടെ പ്രതിനിധികൾ രണ്ടാഴ്ച മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഡോ.എൻ ജയരാജ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചത്. എം.എൽ.എയ്ക്കു പുറമെ കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി, ഫാ.ജോസഫ് കൊച്ചു വീട്ടിൽ, കരാർ കമ്പനി ഉടമ ചന്ദ്രബാബു, കൺസൾട്ടൻസി പ്രതിനിധികൾ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.