jos

പാലായിലോ കടുത്തുരുത്തിയിലോ മത്സരിച്ചേക്കും

കോട്ടയം : രണ്ടുതവണ ലോക്‌സഭ എം.പിയും ഒരു തവണ രാജ്യസഭാ എം.പിയുമായി ഒന്നര പതിറ്റാണ്ടോളം ദേശീയ രാഷ്ട്രീയത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ജോസ് കെ മാണി ഇനി കെ.എം.മാണിയുടെ പിന്തുടർച്ചയുമായി കേരളരാഷ്ട്രീയത്തിന്റെ പോരാട്ടവീഥികളിലേക്ക് രണ്ടില വീശി എത്തുന്നു. അരനൂറ്റാണ്ടിലേറെക്കാലം മറ്റാരെയും ജയിപ്പിക്കാതെ കെ.എം.മാണി സ്വന്തം കൈവെള്ളയിൽ പൊന്നുപോലെ സൂക്ഷിച്ച പാലായിലോ, കേരള കോൺഗ്രസ് എമ്മിന് ഏറെ വേരോട്ടമുള്ള കടുത്തുരുത്തിയിലോ ജോസ് മത്സരിച്ചേക്കുമെന്നാണ് സൂചന. ഇടതു മുന്നണിയ്ക്ക് തുടർഭരണം ലഭിച്ചാൽ പ്രധാനവകുപ്പുകളിലൊന്നിലേക്ക് എം.ബി.എക്കാരനായ ജോസ് എത്തിയേക്കാം. മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയാൽ പാലായിൽ ജോസ് - കാപ്പൻ പോരാട്ടം പ്രതീക്ഷിക്കാം. കടുത്തുരുത്തിയിലെങ്കിൽ പോരാട്ടം മോൻസുമായിട്ടായിരിക്കും. ഒന്ന് ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പാലാ സീറ്റ് തിരിച്ചു പിടിക്കുക. മറ്റൊന്ന് ജോസഫ് വിഭാഗത്തിന്റെ ബുദ്ധികേന്ദ്രമെന്ന നിലയിൽ രാഷ്ട്രീയ പ്രതിയോഗിയായി മാറിയ മോൻസിനെ തറപറ്റിക്കുക. രണ്ടായാലും ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ മധുര പ്രതികാര പോരാട്ടമാകും അത്.

മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിൽ കന്നിപോരാട്ടത്തിൽ പി.സി.തോമസിനോട് തോറ്റ ജോസ് കോട്ടയത്ത് സുരേഷ് കുറുപ്പിനെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് അടുത്ത തിരഞ്ഞെടുപ്പിൽ ലോക് സഭയിലെത്തിയത്. മുൻ മന്ത്രി മാത്യു ടി തോമസിനെ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചായിരുന്നു രണ്ടാംജയം. കോൺഗ്രസിലെ ചില ഉന്നത നേതാക്കൾ ബാർ കോഴ വിവാദത്തിൽ കുടുക്കി കെ.എം.മാണി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന വിവാദത്തോടെ യു.ഡി.എഫ് വിട്ടെങ്കിലും തിരിച്ച് യു.ഡി.എഫിൽ വന്നത് കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് സ്വന്തമാക്കിയായിരുന്നു. ഇടതു മുന്നണിയിലെത്തിയതോടെ ധാർമികതയുടെ പേരിൽ രാജ്യസഭാ സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് രാജിക്കത്ത് കൈമാറിയത്. കെ.എം മാണിയുടെ മരണത്തോടെയുണ്ടായ അധികാരത്തർക്കത്തിലും വിജയം ജോസിനൊപ്പമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രണ്ടില ചിഹ്നവും ജോസ് പക്ഷം കൈക്കലാക്കി.

തദ്ദേശപോരിലെ മിന്നുന്ന വിജയം

ഇടതുമുന്നണി ഘടകകക്ഷിയായി മുന്നണിയിലെത്തിയ ജോസിന്റെ മികവിൽ തദ്ദേശതിരഞ്ഞെടുപ്പിൽ മദ്ധ്യ കേരളത്തിൽ വൻനേട്ടം കൊയ്യാൻ ഇടതുമുന്നണിയ്ക്കായി. യു.ഡി.എഫ് ശക്തികേന്ദ്രമായ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഭരണവും, പാലാ നഗരസഭയും പിടിച്ചെടുത്തതിന് പുറമെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഇടതുമുന്നണിയെ സഹായച്ചത് അണികളെ ഒപ്പം നിറുത്തിയുള്ള ജോസിന്റെ സംഘാടന മികവായിരുന്നു.