പാലാ: നഗരസഭയുടെ ആദ്യ കൗൺസിൽ യോഗം നാളെ വൈകിട്ട് 4ന് നടക്കും. ആദ്യ യോഗത്തിൽ കേവലം 4 അജണ്ടകൾ മാത്രമേ ചർച്ച ചെയ്യൂ.
വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ നടക്കും. ഇതിനുശേഷമാണ് കൗൺസിൽ യോഗം നടക്കുക. സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള യു.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്നലെ നടന്നു. എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് നടക്കും. പാലാ നഗരസഭ കണ്ടിജന്റ് വിഭാഗത്തിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ കാലാവധി ദീർഘിപ്പിച്ച് നൽകൽ, നഗരസഭയിലെ സേവന ഉപനികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ലഭിച്ചിട്ടുള്ള ആക്ഷേപങ്ങളുടെ പരിഗണന, നഗരസഭാ വക കൊട്ടാരമറ്റം,ന്യൂ കോംപ്ലക്‌സ്, തെക്കേക്കര മുനിസിപ്പൽ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ ഒഴിവായി കിടക്കുന്ന കടമുറികളുടെ ലേലം തുടങ്ങിയവയാണ് നാളെ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുന്നതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.