50 ഏക്കറിലെ എട്ട് ലക്ഷം രൂപയുടെ കൃഷി നശിച്ചു
ചങ്ങനാശേരി : അതിജീവനത്തിനായുള്ള കർഷകരുടെ അദ്ധ്വാനത്തിന് മേൽ മടവീണത് കർഷകരെ കണ്ണീരിലാഴ്ത്തി. പുറംബണ്ട് തകർന്ന് 50 ഏക്കറിലെ നെൽക്കൃഷിയാണ് നശിച്ചത്. പായിപ്പാട് പഞ്ചായത്തിലെ പനങ്ങോട്ടടി 20 ഏക്കർ പാടശേഖരത്തിലും തെറ്റിച്ചാൽകോടി ചാത്തൻങ്കരി 30 ഏക്കർ പാടശേഖരത്തിലുമാണ് മടവീണത്. വിത കഴിഞ്ഞ് 15 ദിവസം പ്രായമായ നെൽച്ചെടികളായിരുന്നു. ശക്തമായ വേലിയേറ്റമാണ് പുറം ബണ്ട് തകരാൻ ഇടയാക്കിയത്. കുഞ്ഞുമോൻ പോളശേരിയും സഹോദരങ്ങളും ചേർന്ന് പാട്ടത്തിനെടുത്ത 50 ഏക്കറിലാണ് കൃഷിയിറക്കിയത്. തരിശുകിടന്ന നിലം എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷിയ്ക്ക് അനുയോജ്യമാക്കിയത്. ഭീമമായ തുക വായ്പയായും ചിട്ടി എടുത്തുമാണ് കൃഷിയിറക്കിയത്.
വില്ലനായത് പൈപ്പ് അടഞ്ഞത്
പെരുമ്പുഴക്കടവ് ഭാഗത്തെ പാലത്തിന് അപ്രോച്ച് ഇട്ടിരിക്കുന്ന ഭാഗത്ത് വെള്ളം പോകുന്നതിനായി രണ്ട് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഒരു പൈപ്പ് പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ തിരുവല്ല മുതൽ പെരുമ്പുഴക്കടവ് വരെയുള്ള ഭാഗത്ത് മൂന്നടി ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഇതാണ് വേലിയേറ്റത്തിനും മടവീഴ്ചലിനും ഇടയാക്കിയത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ മറ്റ് പാടശേഖരങ്ങളിലും സാമ സംഭവമുണ്ടാകുമെന്ന് കർഷകർ പറയുന്നു.
അടിയന്തര സഹായം നൽകണം
മുൻകാലങ്ങളിൽ മടവീണ് കൃഷി നശിച്ചത് മൂലം വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായതിനെ തുടർന്ന് കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു. നീരൊഴുക്ക് തടസപ്പെട്ട ഭാഗം അടിയന്തരമായി തുറന്ന് കർഷകരെ രക്ഷിക്കണമെന്നും മടവീഴ്ചയ്ക്ക് കൃഷികുപ്പ് അടിയന്തര സഹായം നല്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.