കറുകച്ചാൽ : പള്ളികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കങ്ങഴ പുതൂർപള്ളി മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ചാരംപറമ്പ്, ഇടയിരിക്കപ്പുഴ നമസ്‌ക്കാര പള്ളികൾക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. കാനം പാതിപ്പലം ഭാഗത്ത് ചില വീടുകൾക്ക് നേരെയും സമാനരീതിയിൽ അക്രമണമുണ്ടായി.

കങ്ങഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണ്. ഇതിനെതിരെ പരാതികളും ഉയർന്നിരുന്നു. കല്ലേറിൽ പള്ളികളുടെ ജനൽച്ചില്ലകൾ തകർന്നു. വെള്ളിയാഴ്ച രാത്രി കനത്തമഴ പെയ്യുന്നതിനിടയിലാണ് ചാരംപറമ്പിലെ നിസ്‌കാരപ്പള്ളിക്ക് നേരെ കല്ലേറുണ്ടായത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേയ്ക്കും ബൈക്കിലെത്തിയവർ കടന്നുകളഞ്ഞു. ശേഷം രണ്ടു കിലോമീറ്റർ അകലെയുള്ള ഇടയിരിക്കപ്പുഴ നിസ്‌കാരപ്പള്ളിയിലും കല്ലേറുണ്ടായി. വിവരമറിഞ്ഞ് നിരവധി വിശ്വാസികൾ പള്ളികൾക്ക് സമീപം തടിച്ചുകൂടി.

സംഭവത്തെത്തുടർന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയുടെയും കറുകച്ചാൽ സർക്കിൾ ഇൻസ്‌പെക്ടർ കെ.എൽ സജിമോന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജമാഅത്ത് ഭാരവാഹികളുടെ പരാതിയിൽ കറുകച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കങ്ങഴ പുതൂർപള്ളി ജമാഅത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികൾ ജമാഅത്ത് കമ്മറ്റി ഒഴിവാക്കിയതായി ജമാഅത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് വണ്ടാനം, സെക്രട്ടറി ഹനീഫ കുളങ്ങര, ട്രഷറർ ജി.ഷാജഹാൻ വല്ലമ്പള്ളി എന്നിവർ അറിയിച്ചു.