hsptl-

അസൗകര്യങ്ങളുടെ നടുവിൽ നഗരസഭ ഗവ.ആയുർവേദ

ചങ്ങനാശേരി: ചികിത്സിക്കുന്നവർക്കും ദുരിതം ചികിത്സ തേടിയെത്തുന്നവർക്കും ദുരിതം. അസൗകര്യങ്ങളിൽ പരാതി പെരുമഴ. ഒപ്പം വൃത്തിഹീനമായ അന്തരീക്ഷവും. കാര്യം ഇങ്ങനെയെങ്കിലും പെരുന്നയിൽ സ്ഥിതി ചെയ്യുന്ന നഗരസഭ ഗവ. ആയുർവേദ ആശുപത്രിയിൽ സാധാരണക്കാരായ നിരവധി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. 12 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകളിലായി 10 പേർക്കാണ് ഇവിടെ കിടത്തി ചികിത്സ നൽകുന്നത്. ചങ്ങനാശേരി നഗരസഭ മുനിസിപ്പൽ എൻജിനീയറുടെ ക്വാർട്ടേഴ്‌സിലേക്ക് അഞ്ച് വർഷം മുമ്പാണ് ആയുർവേദ ആശുപത്രി വാടക കെട്ടിടത്തിൽ നിന്നും മാറി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയ്ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. ആശുപത്രി പരിസരം കാട് വളർന്ന നിലയിലാണ്. ആശുപത്രി വളപ്പിലെ കിണറിലെ വെള്ളമാകട്ടെ മലിനവും. ഇവിടുത്തെ ഓടകൾക്ക് മൂടി പോലും സ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല.

.നഗരസഭ സ്ഥലം വിട്ടു നൽകുകയാണെങ്കിൽ ആശുപത്രിക്കായി കെട്ടിടം നിർമ്മിച്ചു നൽകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.

എന്നാൽ ഇതിനുള്ള നടപടിയായിട്ടില്ല.നിലവിൽ ആശുപത്രക്ക് പറ്റിയ സംവിധാനമോ സൗകര്യങ്ങളോ കെട്ടിടത്തിലില്ല. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും കിഴക്കൻ പ്രദേശങ്ങളിൽ നിന്നും സാധാരണക്കാരായ നിരവധിയാളുകളാണ് ചികിത്സ തേടിയെത്തുന്നത്. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയതോടെ ആശുപത്രിയുടെ അവസ്ഥയിൽ മാറ്റം വരുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

ഒടുവിൽ വൃത്തിയാക്കി


ആശുപത്രിയിലെ പൊട്ടി ഒഴുകിയിരുന്ന സെപ്ടിക് ടാങ്ക് ഇന്നലെ വൃത്തിയാക്കി. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജിന്റെ നിർദേശപ്രകാരം നഗരസഭ വിഭാഗം ശുചീകരണ തൊഴിലാളികൾ സെപ്ടിക് ടാങ്കിൽ നിന്നും നിറഞ്ഞൊഴുകിയിരുന്ന മലിനജലം നീക്കം ചെയ്തു. കാട് വളർന്നുനിൽക്കുന്ന ആശുപത്രി പരിസരം അടുത്തദിവസങ്ങളിൽ വൃത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.


മാലിന്യം മൂലം കൊതുകുശല്യം രൂക്ഷമാണ്. അത്യാധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിച്ച് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണം.


(ശാന്തി കൃഷ്ണൻ,ആശുപത്രിയിലെ കിടപ്പു രോഗി)