പാലാ: ഒരു ജീവൻ നിലനിർത്താൻ വൃക്കദാനം ചെയ്തു ത്യാഗത്തിന്റെ മാതൃകയാവുകയാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തംഗം റെജി വടക്കേമേച്ചേരിയുടെ ഭാര്യ മഞ്ജു റെജി. ഇരുവൃക്കകളും തകരാറിലായ കോട്ടയം കൂരോപ്പടയിലെ തന്റെ സഹോദരന് തന്നെയാണ് മഞ്ജു വൃക്കദാനം ചെയ്യുന്നത്. മഞ്ജു പോപ്പുലർ ഹുണ്ടായിലെ ജീവനക്കാരിയാണ്. വൃക്കകൾ തകരാറിലായി മരണത്തോട് മല്ലിടുന്ന ആയിരക്കണക്കിന് രോഗികൾ ജീവൻ നിലനിർത്താൻ കരുണ തേടുമ്പോൾ കുടുംബ ബന്ധങ്ങൾക്ക് മാതൃകയായി മാറുകയാണ് മഞ്ജു റെജി. എറണാകുളം ലിസി ആശുപത്രിയിൽ നാളെ രാവിലെ നടക്കുന്ന ശസ്ത്രക്രിയയ്ക്ക് ഡോ.ദാമോധരൻ നമ്പൂതിരി, ഡോ. ബാബു ഫ്രാൻസീസ്, ഡോ. ബിജു ജോർജ്ജ്, ഡോ. തോമസ് പുതുക്കാടൻ എന്നിവർ നേതൃത്വം നൽകും. വൃക്ക സ്വീകരിക്കുന്ന ആളിന് ആറ് മണിക്കൂറും വൃക്ക ദാനം ചെയ്യുന്ന ആൾക്ക് നാല് മണിക്കൂറും ശസ്ത്രക്രിയ നീണ്ടുനിൽക്കും.