പാലാ: നഗരഹൃദയത്തിൽ പൈപ്പു പൊട്ടി പാലാ നഗരത്തിലെ കുടിവെള്ള വിതരണം മൂന്നാം ദിവസവും മുടങ്ങി.സിവിൽ സ്റ്റേഷന് മുന്നിൽ മെയിൻ റോഡിനടിയിലൂടെയുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. അമ്പത് വർഷത്തോളം പഴക്കമുള്ള പൈപ്പുകളിലൂടെയാണ് പാലാ വാട്ടർ അതോറിട്ടി നഗരത്തിലെ മിക്ക ഭാഗത്തും ഇപ്പോൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. കാലപ്പഴക്കത്താലാണ് പൈപ്പുകൾ പലയിടത്തും പൊട്ടുന്നതെന്ന് വാട്ടർ അതോറിട്ടി അധികാരികൾ തന്നെ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുകയും വെള്ളം വിതരണം തടസപ്പെടുകയും ചെയ്തു.രണ്ടു ദിവസം മുമ്പ് പ്രധാന പൈപ്പുകളിലൊന്നാണ് പൊട്ടിയത്. സിവിൽ സ്റ്റേഷനു മുന്നിൽ ഓട്ടോ സ്റ്റാന്റിന്റെ സമീപത്തായിരുന്നു പൈപ്പു പൊട്ടൽ. ഈ ഭാഗത്ത് കോടികൾ മുടക്കി അടുത്തിടെയാണ് റോഡ് ടാർ ചെയ്തത്. അതുകൊണ്ടു തന്നെ വീണ്ടും ഇവിടെ കുഴിക്കാൻ പി.ഡബ്ലി.യു.ഡി അധികാരികൾ അത്ര താത്പര്യം കാണിച്ചില്ല. എങ്കിലും കുടിവെള്ള വിതരണത്തിന്റെ കാര്യമായതിനാൽ മനസ്സില്ലാ മനസോടെ റോഡ് കുഴിക്കാൻ വാട്ടർ അതോറിട്ടിക്ക് സമ്മതം നൽകുകയായിരുന്നു. സിവിൽസ്റ്റേഷനു മുന്നിലെ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതായി വാട്ടർ അതോറിട്ടി പാലാ അസി.എൻജിനീയർ ദീപക് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്നേ വലഞ്ഞു...
പൈപ്പ് പൊട്ടിയതോടെ പാലാ ടൗൺ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ കുടിവെള്ള വിതരണം നിലച്ചു. ഈ ഭാഗത്തെ ഹോട്ടലുകൾ മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുണ്ടായി. വെള്ളമില്ലാത്തത് മൂലം ടൗൺ ബസ് സ്റ്റാൻഡിലെ മുനിസിപ്പാലിറ്റി വക കംഫർട്ട് സ്റ്റേഷനും അടച്ചു. ഇതോടെ ടൗൺ ബസ് സ്റ്റാൻഡിലെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരും സ്റ്റാൻഡിലെ വ്യാപാരികളും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വലഞ്ഞു. വാട്ടർ അതോറിട്ടി പാലാ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.