കോട്ടയം : എൻ.സി.പിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാക്കി ഇരുവിഭാഗങ്ങൾ വെവ്വേറെ യോഗം ചേർന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് എസ് മുൻ സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് സർവകലാശാല യൂണിയൻ ആദ്യ ചെയർമാനുമായിരുന്ന സി.എച്ച്.ഹരിദാസിന്റെ അനുസ്‌മരണ സമ്മേളനം ചേർന്നപ്പോൾ, എതിർവിഭാഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അവലോകന യോഗമാണ് ചേർന്നത്. ഹരിദാസ് അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനാണ് ഉദ്ഘാടനം ചെയ്തത്. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ കാണക്കാരി അരവിന്ദാക്ഷനായിരുന്നു അദ്ധ്യക്ഷൻ. ശശീന്ദ്രൻ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ എല്ലാം യോഗത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫിസിലാണ് സംസ്ഥാന പ്രസിഡന്റ് പീതാംബരൻമാസ്റ്ററുടെ നേതൃത്വത്തിൽ എതിർവിഭാഗം യോഗം ചേർന്നത്. മാണി സി.കാപ്പൻ എം.എൽ.എ യും യോഗത്തിന് എത്തി. മുൻ ജില്ലാ പ്രസിഡന്റ് ടി.വി ബേബിയെ വേദിയിലേയ്ക്ക് ക്ഷണിച്ചെങ്കിലും അതിന് തയ്യാറായില്ല. മുൻ സംസ്ഥാന ഭാരവാഹി പി.കെ.ആനന്ദക്കുട്ടൻ യോഗത്തിൽ നിന്ന് വിട്ടു നിന്നു. വ്യക്തിപരമായ അസൗകര്യം മൂലമാണ് ചില നേതാക്കൾ പങ്കെടുക്കാഞ്ഞതെന്ന് ടി.പി പീതാംബരൻ പറഞ്ഞു.