കട്ടപ്പന: റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം നിയമവിരുദ്ധമായി അംഗത്വം ചേർത്തതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സംഘത്തിന്റെ നടപടിക്രമങ്ങൾ പാലിക്കാതെ പാർട്ടി ആഫീസുകൾ കേന്ദ്രീകരിച്ചുനൽകുന്ന അംഗത്വ പട്ടിക ഉൾപ്പെടുത്തി മൂവായിരത്തിൽപ്പരം അംഗങ്ങളെയാണ് പുതുതായി ചേർത്തത്. ഇതുസംബന്ധിച്ച് സഹകരണ വകുപ്പിൽ പരാതിയും ഹൈക്കോടതിയിൽ കേസുകളും നിലവിലുണ്ട്. ഭരണത്തിന്റെ പിൻബലത്തിൽ പരാതികൾ തള്ളിക്കളയുകയായിരുന്നു. സംഘത്തിന്റെ തിരഞ്ഞെടുപ്പ് തീരുമാനിച്ച ശേഷം ഏതാനും ആഴ്ചകളായി അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ആഫീസിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ഇതുപയോഗിച്ച് കള്ളവോട്ടുകൾ ചെയ്ത് സംഘത്തിന്റെ ഭരണം പിടിക്കാനാണ് ഇവരുടെ നീക്കം. ഭരണത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, ജോയി പൊരുന്നോലി, പി.കെ. രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു. ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാർത്ഥികളായി ജനറൽ വിഭാഗത്തിൽ ജോസ് കെ.ജെ, ജോസഫ് തോമസ്, മത്തായി ദേവസ്യ, മാത്യു ജോസഫ്, മേരിദാസൻ സെബാസ്റ്റ്യൻ, കെ.എൻ. റെജി, വനിത സംവരണത്തിൽ ഭാവന സുഭാഷ്, സുനി ജോമോൻ, സുഷമ രാധാകൃഷ്ണൻ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ രമേഷ് ഗോപാലൻ, നിക്ഷേപ മണ്ഡലം വിഭാഗത്തിൽ ജോയി പൊരുന്നോലി എന്നിവർ മത്സരിക്കും.