കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ​- ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി. കൊവിഡ് പഞ്ചാത്തലത്തിൽ ആറുമാസം നീട്ടിയ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ വ്യാജ കാർഡ് നിർമിച്ച് വിതരണം ചെയ്ത് അട്ടിമറിക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഏഴിന് കൃത്യമായ അംഗത്വം വിതരണം നടത്തിയിട്ടുണ്ട്. പിന്നീട് കോൺഗ്രസ് വ്യാജ കാർഡ് നിർമിച്ച് വിതരണം ചെയ്യുകയാണെന്ന് എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. ഇതിനു ചില ജീവനക്കാരുടെ ഒത്താശയുണ്ട്. ഇത് സംബന്ധിച്ച് പൊലീസിലും വാരണാധികാരിക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജ കാർഡുമായി വോട്ട് ചെയ്യാനെത്തുന്നവരെ നിയമനടപടിക്ക് വിധേയരാക്കുമെന്നും വി.ആർ. സജി, കെ.ആർ. സോദരൻ, ടോമി ജോർജ്, മാത്യു ജോർജ്, എം.ജെ. വർഗീസ്, കെ.എൻ. ചന്ദ്രൻ, സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ജോസ് എട്ടിയിൽ എന്നിവർ അറിയിച്ചു. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളായി കെ.എൻ. ചന്ദ്രൻ, ജോസഫ് ആന്റണി, നിമേഷ് സെബാസ്റ്റ്യൻ, എം.ജെ. വർഗീസ് മുതുപ്ലാക്കൽ, വി.ആർ. സജി, സതീഷ് ചന്ദ്രൻ, പി. അതുല്യ, എൽസമ്മ ഇലഞ്ഞിക്കൽ, ടി.എൻ. സാറാമ്മ, കെ.ആർ. സോദരൻ, കെ.എ. സെബാസ്റ്റ്യൻ എന്നിവരാണ് മത്സരിക്കുന്നത്.