വൈക്കം: വർഷങ്ങളായി തരിശായി കിടന്ന രണ്ടേക്കറിൽ കൃഷിയിറക്കിയ കർഷകൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തനിച്ച് നെല്ല് കൊയ്യുന്നു.
തലയാഴം തോട്ടകം മൂന്നാം നമ്പർ ചെട്ടിക്കരി ബ്ലോക്കിൽ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84)യാണ് തൊഴിലാളികളെ ഇറക്കി കൊയ്യിക്കാൻ പണമില്ലാത്തതിനാൽ തനിച്ച് നെല്ല് കൊയ്തെടുക്കുന്നത്. ഏഴു വർഷമായി തരിശായി കിടക്കുന്ന നിലം തലയാഴം കൃഷിഭവൻ അധികൃതരുടെയും പഞ്ചായത്തിന്റെയും പിൻബലത്തോടെയാണ് ചക്രപാണി വീണ്ടും കൃഷിയോഗ്യമാക്കിയത്. പുല്ലും മറ്റും ദിവസങ്ങളോളമെടുത്താണ് തൊഴിലാളികൾ വെട്ടിനീക്കിയത്. 50000 രൂപ കടംവാങ്ങിയാണ് തൊഴിലാളികൾക്ക് കൂലി നൽകിയത്. ചെലവ് കുറയ്ക്കാൻ വിത്ത് വിതച്ചതും പറിച്ചുനട്ടതും വളമിട്ടതുമൊക്കെ ചക്രപാണി തന്നെ. സാമ്പത്തികമായി തകർന്നതോടെ ചക്രപാണിക്ക് തൊഴിലാളികളെ കൊയ്ത്തിന് വിളിക്കാൻ പറ്റാത്ത സ്ഥിതിയായി. ഏതാനും ദിവസങ്ങൾക്കകം നെല്ല് പൂർണമായി കൊയ്‌തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചക്രപാണി. നെൽകൃഷിക്കു പുറമെ, കപ്പ, പച്ചക്കറി, വാഴ തുടങ്ങിയവയും ചക്രപാണി കൃഷി ചെയ്യുന്നുണ്ട്. 1996 മുതൽ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും പല തവണ അപേക്ഷിച്ചിട്ടും തനിക്ക് കർഷക പെൻഷൻ ലഭിച്ചിട്ടില്ലെന്നും ചക്രപാണി പറയുന്നു.