കുമരകം : ശക്തമായ മഴയെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് നെൽക്കൃഷിയെ രക്ഷിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ ഉയർത്തി. കുട്ടനാട്ടിലെ ദുർബല ബണ്ടുകളുള്ള പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ 11 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പമ്പയാറ്റിലൂടെ വെള്ളം കുട്ടനാട്ടിലേക്ക് ഒഴുകിയെത്താൻ സാദ്ധ്യത കൂടുതലാണ്. ജലനിരപ്പ് ക്രമീകരിച്ചും ഉപ്പുവെള്ളം കയറാതെയും 11 വരെ റെഗുലേറ്റ് ചെയ്യുന്നതിനാണ് ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടർ ഷട്ടർ ഉയർത്താൻ ഉത്തരവ് ഇറക്കിയത്. വേലിയിറക്ക സമയത്ത് ഷട്ടറുകൾ ഉയർത്തുകയും വേലിയേറ്റ സമയത്ത് അടയ്ക്കുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. മഴ ശക്തമായി തുടർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഷട്ടർ തുറക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തുടർദിവസങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കളക്ടർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.