വൈക്കം: മഹാദേവ ക്ഷേത്രത്തിൽ മാർഗഴി കലശം നാളെ സമാപിക്കും. കലശത്തോടനുബന്ധിച്ച് 12ന് രുദ്രപൂജയും 13ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉദയാസ്തമനപൂജയുമുണ്ടാവും.
പ്രതിഷ്ഠാകാലത്ത് പരശുരാമനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രധാന ഇനമാണ് മാർഗഴി കലശം എന്നറിയപ്പെടുന്ന കല്പിച്ചു കലശം.മാർഗഴി മാസത്തിലാണ് ചടങ്ങ്. അതാത് കാലങ്ങളിലെ തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മനക്ഷത്രം ആദിയിലോ അന്തിയിലോ വരത്തക്കവിധമാണ് കലശം നടന്നു വരുന്നത് .മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രഹ്മകലശവും ചെമ്പ് അണ്ഡാവിൽ ജലദ്രോണിയും പൂജിച്ച് പത്തു ദിവസം കൊണ്ട് ആയിരം കലശം അഭിഷേകം നടത്തുന്നതാണ് മാർഗഴി കലശം. പതിനൊന്നാം ദിവസം രുദ്രപൂജ നടക്കും. പന്ത്രണ്ടാം ദിനം ഉദയനാപുരം ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമന പൂജയോടെയാണ് സമാപനം. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തരമായാണ് ചടങ്ങുകൾ നടത്തുന്നത്.മാർഗഴി കലശം നടക്കുന്ന അവസ്ഥത്തിൽ തിരുവിതാംകൂർ രാജകുടുംബാഗങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനെത്തുക പതിവായിരുന്നു.