ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി
കട്ടപ്പന: കട്ടപ്പനയിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ പരാതികളുടെ കെട്ടഴിച്ച് ഭാരവാഹികൾ. നേതൃത്വത്തിനെതിരെയും വിവിധ ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പരാതിയുയർന്നു. ഓരോ വിഭാഗം ഭാരവാഹികളുടെയും യോഗത്തിൽ ആക്ഷേപമുയർന്നതോടെ പരാതികൾ എഴുതി നൽകാൻ യോഗം ഉദ്ഘാടനം ചെയ്ത മധ്യമേഖലാ ജില്ലകളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർദേശിച്ചു. ജില്ലയിലെ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ യോഗമാണ് കട്ടപ്പനയിൽ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിലുണ്ടായ പരാജയമാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്തത്. നിർജീവമായിട്ടുള്ള മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് പുനഃസംഘടന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് പോര് മറന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് ഐവാൻ ഡിസൂസ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ടെങ്കിലും തമ്മിലടിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ജയത്തിനായി എൽ.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തെറ്റായ പ്രചരണത്തിനെതിരെ കോൺഗ്രസ് ജാഗരൂകരായിരിക്കണം. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇതേക്കുറിച്ച് അഭിപ്രായം പറയാൻ നേതാക്കൾക്ക് അവസരമുണ്ട്. എല്ലാ നേതാക്കളും അവരുടെ ബൂത്തുതലം മുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഐവാൻ ഡിസൂസ നിർദേശിച്ചു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, നേതാക്കളായ റോയി കെ.പൗലോസ്, ഇ.എം. ആഗസ്തി, എ.കെ. മണി തുടങ്ങിയവർ പങ്കെടുത്തു.