duck

കോട്ടയം: പക്ഷിപ്പനിബാധയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി കർഷകർ രംഗത്ത്. തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനാണ് കർഷകരുടെ തീരുമാനം.

വലിയ താറാവിന് ചെലവുമാത്രം 300 രൂപയാകുമ്പോൾ 200 രൂപ തന്നാൽ എന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്. 2014ൽ പക്ഷിപ്പനിയുണ്ടായപ്പോൾ സർക്കാർ പ്രഖ്യാപിച്ച തുകയാണ് ഇപ്പോഴും നൽകുന്നത്. 2014 ൽ ഒരു താറാവുകുഞ്ഞിന് 18 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 23 രൂപയായെന്നത് സർക്കാരും അവരെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥരും കാണുന്നില്ല . താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക് കൂലി 500 ൽ നിന്ന് 1000 രൂപയുമായി. തീറ്റയ്ക്കും വില കൂടി. പ്രതിസന്ധി ഘട്ടത്തിൽ കർഷകരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് സഹായിക്കേണ്ട സർക്കാർ നിഷേധാത്മ സമീപനം പുലർത്തുന്നത് ശരിയല്ല. നഷ്ടപരിഹാരത്തുക ആനുപാതികമായി വർദ്ധിപ്പിക്കാനും താറാവു കൃഷി പുനരാരംഭിക്കാൻ വേണ്ട മുന്നൊരുക്കൾക്ക് സഹായം നൽകാനും നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

 പണികിട്ടിയത് ഈസ്റ്റർ വിപണിക്ക്

2014ന് ശേഷം ഓരോ തവണയും ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്. കൊവിഡിന് ശേഷം ക്രിസ്മസ് വിപണി ഉഷാറായെങ്കിലും ഏറെ പ്രതീക്ഷയോടെ കണ്ട ഈസ്റ്റർ വിപണിക്ക് മേലാണ് പക്ഷിപ്പനി കരിനിഴൽ വീഴ്ത്തിയത്.

നഷ്ടപരിഹാരം: 200 രൂപ

ആവശ്യപ്പെടുന്നത്: 300രൂപ

'' നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് കാട്ടി സർക്കാരിനെ സമീപിക്കും. താറാവുകൾക്ക് മരുന്ന് ലഭ്യമാക്കാൻ സർക്കാർ ഇടപെടലുണ്ടാവണം. രോഗം ബാധിച്ച മേഖലകൾക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം ഒരുക്കണം''

അജയൻ കർഷകൻ

 കോഴിയും താറാവും വേണ്ട

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴി, താറാവ് ഇറച്ചിയോട് ജനങ്ങൾക്ക് പ്രിയം കുറഞ്ഞു. നന്നായി വേവിച്ച ഇറച്ചി കഴിക്കുന്നതു കൊണ്ട് പ്രശ്നമില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റിസ്ക് എടുക്കേണ്ട എന്ന നിലപാടിലാണ് ഇറച്ചി പ്രേമികൾ. ഇതോടെ ബീഫ്, മത്സ്യ വിഭവങ്ങൾക്ക് ഡിമാൻഡ് കൂടുകയും ഇറച്ചിക്കോഴിവില കുറയുകയും ചെയ്തു.

ബീഫിനും മറ്റും വിലവർദ്ധനയ്ക്ക് ഈ സാഹചര്യം ഇടയാക്കുമോയെന്ന ആശങ്കയിലാണ് ജനം. വിൽപ്പനക്കാരും ഇടനിലക്കാരും കൂട്ടി വിൽക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ ഇടപെടൽ ഇക്കാര്യത്തിലും ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.