shone

കോട്ടയം: പാർട്ടി പറഞ്ഞാൽ നിയമസഭയിലേയ്ക്കു മത്സരിക്കുമെന്ന് പി.സി ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് വ്യക്തമാക്കി. ഷോണിന് എം.എൽ.എ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും ഏറ്റുമാനൂരിലോ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാമെന്നും പി.സി ജോർജും പറഞ്ഞു. പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. തന്റെ പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ മൂന്നിലൊന്നും പാലായിലാണ്. ജില്ലയിൽ പുതുപ്പള്ളിയും കോട്ടയവും ഒഴികെ ഏതു സീറ്റിലും മത്സരിക്കാനാവുമെന്നും ഷോൺ വ്യക്തമാക്കി.

മാപ്പ് പറഞ്ഞ് പി.സി ജോർജ്

ഈരാറ്റുപേട്ടയിൽ മുസ്ലീം സമുദായവുമായുണ്ടായ പ്രശ്‌നങ്ങളിൽ പി.സി ജോർജ് മാപ്പ് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ അൽപം വൈകാരികമായാണ് പ്രതികരിച്ചത്. ഇത് സമുദായത്തിനു വേദനയുണ്ടാക്കിയെങ്കിൽ മാപ്പ് പറയുന്നതായി അദ്ദേഹം അറിയിച്ചു.