ചങ്ങനാശേരി: ചങ്ങനാശേരി ബൈപ്പാസ് റോഡിൽ ളായിക്കാട് ഭാഗത്ത് വഴിയോരത്ത് നട്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തണൽമരങ്ങളും മാവുകളും വെട്ടിക്കളഞ്ഞ് റോഡ് നവീകരണം നടത്തരുതാന്നാണ് ആവശ്യം.
സി.എഫ് തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ച് റോഡരകിൽ നടപ്പാതയും സംരക്ഷണവേലിയുമാണ് ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 250 മീറ്റർ നടപ്പാതയും വേലിയും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2015 ൽ ചങ്ങനാശേരി എസ്.ബി കോളേജ് എൻ.സി.സി ആർമി വിംഗ് , കോട്ടയം സോഷ്യൽ ഫോറസ്ട്രി, നേച്ചർ സൊസൈറ്റി എന്നിവ സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ ബൈപ്പാസ് റോഡരികിൽ 100 നാട്ടുമാവുകൾ തൈകൾ നട്ടിരുന്നു. എന്നാൽ, ബൈപ്പാസ് റോഡിലെ മാലിന്യ നിക്ഷേപത്തിന്റെ അനന്തരഫലമായും തൊഴിലുറപ്പ് ജോലികൾക്കിടയിലും ഇവ നശിച്ചുപോയി. കക്കൂസ് മാലിന്യം, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം, അറവുശാലകളിലെ മാലിന്യം തുടങ്ങിയ വഴിയോരത്ത് തള്ളുന്നത് ഇവിടെ പതിവാണ്.
ആറോളം നാട്ടുമാവുകളാണ് ഇപ്പോൾ വളർന്നു നിൽക്കുന്നത്. ബൈപ്പാസ് നവീകരണ പ്രവർത്തങ്ങൾ ഈ ഭാഗത്ത് എത്തുമ്പോൾ മാവ് നശിപ്പിക്കുമോ എന്നതാണ് ആശങ്ക. ആറ് വർഷമായി എസ്.ബി കോളേജ് എൻ.സി.സി ആർമി വിംഗിന്റെ നേതൃത്വത്തിലാണ് മാവുകൾ സംരക്ഷിക്കുന്നത്.
നടപ്പാതയ്ക്കും സംരക്ഷണവേലിക്കും
അനുവദിച്ചത് 22 ലക്ഷം രൂപ
'നിലവിൽ നടപ്പാതയും സംരക്ഷണ വേലിയും നിർമ്മിക്കുന്ന ഭാഗത്ത് ഓരോ മീറ്റർ അകലത്തിൽ കോൺക്രീറ്റിംഗ് നടത്തുകയാണെങ്കിൽ മരങ്ങൾ നട്ട് തുടർ സംരക്ഷണം ഏറ്റെടുക്കാം. ഇവിടെ നാലുമണിക്കാറ്റ് മാതൃകയിൽ ആളുകളെ ആകർഷിക്കാൻ കഴിയുന്ന സൗന്ദര്യവൽക്കരണം നടപ്പാക്കാനും വിശ്രമത്തിന് ബഞ്ചുകൾ സ്ഥാപിക്കാനും സാധിക്കും"
എൻ.സി.സി വിംഗ് , ചങ്ങനാശേരി എസ്.ബി കോളേജ്