mada

ചങ്ങനാശേരി: രണ്ടാം വാർഡ് തെറ്റിച്ചാൽ പാടശേഖരത്തിൽ മടവീഴ്ച ഉണ്ടാകുന്നത് തടയുന്നതിനും തകർന്ന ബണ്ടും മോട്ടോർ തറയും പൂർവസ്ഥിതിയിൽ ആക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പായിപ്പാട് കൃഷിഭവൻ പരിധിയിൽ 50 ഏക്കറിലാണ് പുറം ബണ്ട് തകർന്ന് കൃഷി നശിച്ചത്.

രണ്ടാഴ്ച പ്രായം വരുന്ന നെൽച്ചെടികളാണ് നശിച്ചത്. പായിപ്പാട് പഞ്ചായത്തിലെ പനങ്ങോട്ടടി 20 ഏക്കർ പാടശേഖരത്തിലും തെറ്റിച്ചാൽകോടി ചാത്തൻങ്കരി 30 ഏക്കർ പാടശേഖരത്തിലുമാണ് മടവീണത്. മുട്ടിൽ പോള തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. ശക്തമായ വേലിയേറ്റം ഉണ്ടായതാണ് പുറം ബണ്ട് തകരാൻ ഇടയാക്കിയത്. കുഞ്ഞുമോൻ പോളശേരിയും സഹോദരങ്ങളും ചേർന്ന് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയതാണിവിടെ. തരിശുകിടന്ന നിലം ഒരു വർഷം പ്രയത്‌നിച്ച് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷിയ്ക്ക് അനുയോജ്യമാക്കിയത്.

'കർഷകർക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിൽ പഞ്ചായത്ത് സമിതി മുന്നിലുണ്ടാകും. കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്'

കെ. ഡി മോഹനൻ , പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്