ഏഴാച്ചേരി: പാലത്തുങ്കൽ , പള്ളത്ത് , ഓന്തുംകുന്ന് മേഖലകളിലെ നൂറോളം കുടുംബങ്ങൾക്ക് പാചകവാതക സിലിണ്ടറുകൾ ഇനി വീട്ടുമുറ്റത്ത് ലഭിക്കും. പാചക വാതക ഏജൻസിയുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു.
നിലവിൽ വെള്ളിലാപ്പിളളിയിലെ പാചക വാതക ഏജൻസിയിൽ നിന്നുള്ള വാഹനം ഏഴാച്ചേരി ഗ്രാമത്തിലെ പ്രധാന ജംഗ്ഷനുകളിൽ മാത്രം പാചകവാതക സിലിണ്ടറുകൾ ഇറക്കിക്കൊടുക്കുകയായിരുന്നു പതിവ്. അവിടെ നിന്ന് ഓട്ടോറിക്ഷയിലും മറ്റുമായി സിലിണ്ടർ വീടുകളിലെത്തിക്കാൻ ഉപഭോക്താക്കൾ അധിക തുകയും മുടക്കേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ച് പ്രദേശവാസികൾ പലപ്പോഴും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല .
ഒടുവിൽ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ സമീപിക്കുകയായിരുന്നു. ഇന്നലെ പാചക വാതക ഏജൻസി അധികാരികളുമായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ചർച്ചകളെ തുടർന്ന് പാലത്തുങ്കൽ , പള്ളത്ത്, ഓന്തുംകുന്ന് വഴി പാചക വാതക ഏജൻസിയുടെ വാഹനമോടിക്കാൻ തീരുമാനമായി. എല്ലാ വ്യാഴാഴ്ചയുമാണ് ഈ റൂട്ടിൽ സിലിണ്ടറുകളുമായി വാഹനമെത്തുകയെന്ന് ഷൈനി സന്തോഷ് അറിയിച്ചു.
നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന നടപടി സ്വീകരിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ ഏഴാച്ചേരി പൗരസമിതി അനുമോദിച്ചു. പ്രസിഡന്റ് ബിനോയി ജോസഫ് പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമകൃഷ്ണൻ നായർ തുമ്പയിൽ, ജോയി ചെട്ട്യാകുന്നേൽ, ദേവസ്യാച്ചൻ അതിർത്തിമുക്കിൽ, ബിജു വള്ളിക്കാട്ടിൽ, ഡെന്നി എടക്കര, ജോസുകുട്ടി ചെട്ട്യാകുന്നേൽ, ജോസ് വള്ളിക്കുന്നേൽ, അപ്പച്ചൻ കടുത്തലക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.