municipality

പാലാ: നഗരഭരണത്തിൽ തുടക്കത്തിലുണ്ടായ 'കല്ലുകടി' പറഞ്ഞു തീർത്ത് ഇടതു മുന്നണി. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ചെറിയാൻ കാപ്പൻ സ്മാരക കവാടത്തിൽ കംഫർട്ട് സ്റ്റേഷൻ ബോർഡ് വച്ചതിനെച്ചൊല്ലി മാണി ഗ്രൂപ്പും സി.പി.എമ്മും തമ്മിലുള്ള തർക്കങ്ങൾ പറഞ്ഞു തീർത്തത്.

മേലിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷമേ നഗരഭരണത്തിൽ നയപരമായ തീരുമാനം എടുക്കാവൂ എന്ന് മുന്നണി നേതാക്കൾ കൗൺസിലർമാർക്ക് കർശന നിർദ്ദേശം നൽകി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ പരസ്യ വിമർശനങ്ങൾ പാടില്ല. ഇതിനായി ഏതാനും നിർദ്ദേശങ്ങളും മുന്നണി നേതൃത്വം കൗൺസിലർമാർക്ക് മുന്നിൽ വച്ചു.
ഭരണത്തുടക്കത്തിലുണ്ടായ അസ്വാരസ്യങ്ങൾ ഇന്നലത്തെ യോഗത്തിലും ചിലർ ആവർത്തിച്ചു. അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ, ഇനി നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് മുന്നണി നേതാക്കൾ ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടു.
സി.പി.എം. ജില്ലാ കമ്മിറ്റി മെമ്പർ ലാലിച്ചൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) നേതാവ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. കൺവീനർ സിബി തോട്ടുപുറം, സി.പി.ഐ. നേതാക്കളായ അഡ്വ. തോമസ് വി.ടി, അഡ്വ. സണ്ണി ഡേവിഡ്, സിബി ജോസഫ്, കേരളാ കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ബിജു പാലുപ്പടവിൽ, സി.ഐ.ടി.യു. നേതാവ് ഷാർളി മാത്യു, ആർ. ശശിധരൻ, കെ.കെ.ഗിരിഷ്, ആർ.സുദർശൻ, സാജൻ ആലക്കുളം, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് , അഡ്വ. ബിനു പുളിക്കക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു. മുഴുവൻ ഇടതു മുന്നണി കൗൺസിലർമാരും പങ്കെടുത്തു.