കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് സമ്പൂർണ ജയം. ആകെയുള്ള 11 സീറ്റുകളിലും എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.എൻ. ചന്ദ്രൻ, ജോസഫ് ആന്റണി, നിമേഷ് സെബാസ്റ്റ്യൻ, എം.ജെ. വർഗീസ് മുതുപ്ലാക്കൽ, വി.ആർ. സജി, സതീഷ് ചന്ദ്രൻ, പി. അതുല്യ, എൽസമ്മ ഇലഞ്ഞിക്കൽ, ടി.എൻ. സാറാമ്മ, കെ.ആർ. സോദരൻ, കെ.എ. സെബാസ്റ്റ്യൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2005ൽ രൂപീകരിച്ച സൊസൈറ്റിയിലെ കഴിഞ്ഞ ഭരണസമിതിയിൽ മൂന്ന് അംഗങ്ങൾ സഹകരണ സംരക്ഷണ മുന്നണിയിലേക്ക് കൂറുമാറിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലൂടെ സഹകരണ സംരക്ഷണ മുന്നണി ഭരണം പിടിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആറുമാസം നീട്ടിവച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
വോട്ടെടുപ്പിൽ വോക്കേറ്റവും ഉന്തും തള്ളും
കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടെടുപ്പിനിടെ യു.ഡി.എഫ്എൽ.ഡി.എഫ്. പ്രവർത്തകർ നേരിയ സംഘർഷം. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞതോടെയാണ് വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായത്.ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് എത്തി പ്രവർത്തകരെ മാറ്റിവിടുകയായിരുന്നു. എന്നാൽ യഥാർത്ഥ തിരിച്ചറിയൽ കാർഡുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.