കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം സന്ദർശനം നടത്തി. ചെന്നൈയിലെ ആനിമൽ ക്വാറന്റൈൻ ആന്റ് സർട്ടിഫിക്കേഷൻ സർവീസിലെ റീജിയണൽ ഓഫീസർ ഡോ. ദീപാങ്കർ ബിശ്വാസ്, ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഒഫ് പൗൾട്രി റിസർച്ചിലെ ഡോ. എം. ആർ. റെഡ്ഡി, ബംഗലുരുവിലെ സതേൺ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക്സിലെ ഡോ. എ.പി. ശങ്കർ എന്നിവർ ഉൾപ്പെട്ട സംഘം മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഇവരുടെ നിർദേശപ്രകാരം പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി ദേശാടന പക്ഷികളുടെ കാഷ്ഠം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. താറാവുകളെ കത്തിച്ചു നശിപ്പിച്ച സ്ഥലത്തെ മേൽ മണ്ണ് എടുത്തു മാറ്റി കുമ്മായം വിതറി മറവു ചെയ്തു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, നോഡൽ ഓഫീസർ ഡോ. സജീവ്, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രവീൺ പുന്നൂസ്, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ബേബി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച നീണ്ടൂരിൽ എത്തിയിരുന്നു.