park

ചങ്ങനാശേരി: നഗരമധ്യത്തിലെ ശോചനീയാവസ്ഥയിലായ നഗരസഭ പാർക്കിനെ പുനർജീവിപ്പിക്കുമെന്ന് നഗരസഭ അധികൃതർ. എം സി റോഡിൽ എസ് ബി കോളേജിന് സമീപമുള്ള നഗരസഭ പാർക്ക് പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിട്ടിട്ടും നാശോന്മുഖമായി തന്നെ തുടരുകയായിരുന്നു. 2017- 18ൽ പാർക്കിന്റെ നടത്തിപ്പ് ലേലത്തിലൂടെ നൽകിയെങ്കിലും കനത്ത മഴ മൂലം മാസങ്ങളോളം വരുമാനമില്ലാതെ വന്നതിനാൽ വാടക അടയ്ക്കാൻ നിവൃത്തിയില്ലാതെ പ്രവർത്തനം അവസാനിപ്പിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപ മാസ വാടകയ്ക്കാണ് ലേലം പിടിച്ചത്. ഇവിടെ നിരവധി റൈഡുകളും സ്ഥാപിച്ചിരുന്നു. വരുമാനക്കുറവും പ്രതികൂല കാലവസ്ഥയും മൂലം പ്രവർത്തനവും തടസപ്പെട്ടതോടെ പാർക്കിന്റെ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാനായില്ല. ഒരു വർഷത്തോളം നഗരസഭ നേരിട്ട് പാർക്കിന്റെ പ്രവർത്തനം നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് പാർക്കുകളുടെ പ്രവർത്തനം നിർത്തിവച്ചതിനാൽ ഒരു വർഷമായി പാർക്ക് അടഞ്ഞുകിടക്കുകയാണ്. പാർക്ക് പുനർലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചെങ്കിലും മുൻകാലത്തെ നിരക്കിൽ നിന്നും തുക കുറവായതിനാൽ ലേല നടപടികൾ വിജയിച്ചില്ല. പാർക്ക് മനോഹരമാക്കിയും പൂവക്കാട്ടുച്ചിറക്കുളത്തിൽ ബോട്ടിംഗ് ഏർപ്പെടുത്തിയും ആളുകൾക്ക് വിനോദത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളുമായാണ് അധികൃതർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഒരേക്കറിൽ കൂടുതൽ സ്ഥലസൗകര്യം ഇവിടെയുണ്ട്. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പ്രവേശന കവാടത്തിൽ കൗണ്ടറുകളും കോഫീ ഷോപ്പുകളും നിർമ്മിച്ച് കൂടുതൽ മനോഹരമാക്കും. കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള ഉപകരണങ്ങൾ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ഇപ്പാൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ചെയർപേഴ്സൺ സന്ധ്യാ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, വാർഡ് കൗൺസിലർ പ്രീയ രാജേഷ്, സെക്രട്ടറിയുടെ പി.എ എൻ. അജിത് കുമാർ എന്നിവർ പാർക്കിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനൊപ്പം മൂന്നു വർഷത്തേക്ക് പാർക്ക് പ്രവൃത്തിപ്പിക്കുന്നതിനുള്ള കാലാവധി നൽകി ലേല നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. കാടുമൂടിയ പാർക്ക് വൃത്തിയാക്കി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി പാർക്ക് തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.