sports

കോട്ടയം:മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വിവിധ കായിക മത്സരങ്ങൾ ഒരു കുടക്കീഴിൽ നടത്താൻ സ്പോർട്സ് ഹബ് സ്ഥാപിക്കാൻ തീരുമാനം. നിലവിൽ സർവ്വകലാശാലയിലെ കായികമത്സരങ്ങൾ വിവിധ കോളേജുകളിലാണ് നടത്തുന്നത്. ഇതൊഴിവാക്കി മത്സരങ്ങൾ സർവ്വകലാശാല ആസ്ഥാനത്തു തന്നെ നടത്താൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഗ്രൗണ്ടും നവീകരിക്കും.

കാമ്പസിലെ സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിനോട് ചേർന്നുള്ള പത്തേക്കർ സ്ഥലത്ത് ഹബ് നിർമ്മിക്കും.
ഗ്രൗണ്ടിൽ ഇപ്പോൾ 400 മീറ്റർ ട്രാക്കിടാനുള്ള നീളം ഇല്ല. ഗ്രൗണ്ട് മണ്ണിട്ടുയർത്തി 30 മീറ്റർ നീളം കൂട്ടും. പുല്ല് വെച്ചുപിടിപ്പിക്കും. ക്രിക്കറ്റ്,​ ഫുട്ബോൾ മത്സരങ്ങൾക്കും അത്‌ലറ്റിക്സിനും ഉപയോഗിക്കാനാകും വിധം ഗ്രൗണ്ട് സജ്ജമാക്കും. വോളിബോൾ കോർട്ട്,​ ഹാൻഡ്ബോൾ കോർട്ട് എന്നിവയും നിർമ്മിക്കും.

അടുത്തഘട്ടത്തിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും. ബാഡ്മിന്റൺ,​ കബഡി തുടങ്ങി മറ്റ് കായിക ഇനങ്ങൾക്കെല്ലാം കോർട്ടുകൾ തയ്യാറാക്കുമെന്ന് സിൻഡിക്കേറ്റംഗവും കോട്ടയം ബസേലിയസ് കോളോജ് പ്രിൻസിപ്പലുമായ ഡോ. ബിജു തോമസ് പറഞ്ഞു. ബജറ്റിൽ സ്പോർട്സ് ഹബിനായി മൂന്നുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രോജക്ട് റിപ്പോ‌ർട്ട് ഉടൻ തയ്യാറാക്കി സർവ്വകലാശാലക്ക് സമർപ്പിക്കുമെന്ന് സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ‌ഡോ. ബിനു ജോർജ് വർഗീസ് അറിയിച്ചു.