pettah-thullal

എരുമേലി: കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും അയ്യനെ മനസിൽ ധ്യാനിച്ച് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി ശബരിമലയ്ക്ക് യാത്രയായി. ആകാശത്ത് വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപ്പരുന്തും തെളിഞ്ഞ വെള്ളിനക്ഷത്രവും ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. കൊട്ടും മേളവും കരകാട്ടവുമൊക്കെയായി പേട്ടതുള്ളൽ നാടിന്റെ ഉത്സവമായി.

ഇന്നലെ രാവിലെ 11.30ഓടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ടതുള്ളൽ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ നിർദേശം പരിഗണിച്ച് സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് പകരം അമ്പലപ്പുഴക്കര പെരിയോൻ ഗോപാലകൃഷ്ണപിള്ളയാണ് പേട്ടതുളളൽ നയിച്ചത്. നൈനാർ പള്ളിയിൽ ജമാ അത്ത് ഭാരവാഹികൾ സംഘത്തെ സ്വീകരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പേറ്റിയ ഗജവീരനൊപ്പം സംഘം നൈനാർ പള്ളിയെ വലംവച്ചു. ദേവസ്വം, ഹൈന്ദവ സംഘടനാ ഭാരവാഹികൾ വലിയമ്പലത്തിൽ സംഘത്തെ സ്വീകരിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നോടെ ആകാശത്ത് വെള്ളിനക്ഷത്രം തെളിഞ്ഞപ്പോൾ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് തുടക്കമായി. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഭസ്മവും ചന്ദനവും പൂശി കൊച്ചമ്പലത്തിൽ നിന്നിറങ്ങിയ സംഘം പേട്ടക്കവലയിൽ നിന്ന് വലിയമ്പലത്തിലേക്ക് നീങ്ങി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോകുമെന്നതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ കയറാറില്ല. ഇരുസംഘങ്ങളും പരമ്പരാഗത കാനനപാത വഴി ശബരിമലയ്ക്ക് തിരിച്ചതോടെ മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയായ എരുമേലി പേട്ടതുള്ളലിന് പരിസമാപ്തിയായി. കൊവിഡ് പശ്ചാത്തലത്തിൽ വാദ്യമേളങ്ങൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി മൂന്നാക്കിയും പേട്ടതുള്ളുന്നവരുടെ എണ്ണം അമ്പതാക്കിയും ചുരുക്കിയിരുന്നു.