കോട്ടയം: അപ്രതീക്ഷിതമായി ജനുവരി മഴകൊണ്ട് മൂടിയപ്പോൾ ഇരുട്ടടിയായത് കർഷകർക്കാണ്. കൊവിഡിന് ശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കർഷകർക്ക് അത്ര ശുഭകരമല്ല പുതുവർഷം. പത്ത് ദിവസത്തെ കണക്ക് പ്രകാരം 14.32 കോടി രൂപയുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്.
ഈ മാസം ഒന്നു മുതൽ പത്ത് വരെയുള്ള കണക്കാണ് കൃഷി വകുപ്പ് പുറത്തുവിട്ടത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ റബറും തെങ്ങും നെല്ലും പച്ചക്കറിയും അടക്കമുള്ള കൃഷി നശിച്ചിട്ടുണ്ട്. മലയോര മേഖലയിലെ റബർ കർഷകർക്കും പടിഞ്ഞാറൻമേഖലയിലെ നെൽകർഷകർക്കും മഴ ഒരു പോലെ പ്രശ്നമായി. തെങ്ങും ഏത്തവാഴയും റബറും കവുങ്ങും നിലംപതിച്ചു. വെള്ളംകയറിയാണ് പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷി നശിച്ചത്. 913 ഹെക്ടർ നെൽപ്പാടത്ത് വെള്ളംകയറി. 2.51 ഹെക്ടറിലെ ഏത്തവാഴ നശിച്ചപ്പോൾ 8.70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
നഷ്ടമുണ്ടായത് 2699 കർഷകർക്ക്
958.68 ഹെക്ടറിലെ കൃഷി നശിച്ചു
നഷ്ടപരിഹാരം ലഭിച്ചിട്ടില്ല
കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരത്തുക കർഷകർക്ക് ഇനിയും പൂർണ്ണമായി നൽകിയിട്ടില്ല. ഇൻഷുറൻസ് തുകയിൽ 20 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്.
നഷ്ടപരിഹാരം അക്കൗണ്ടിൽ
''നഷ്ടം കണക്കാക്കി കൃഷിവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഷ്ടപരിഹാര തുക കർഷകരുടെ
അക്കൗണ്ടിൽ നിക്ഷേപിക്കും''
കൃഷി അഡീഷണൽ ഡയറക്ടർ
മഴ പ്രതീക്ഷിച്ചില്ല
'' ഇങ്ങനെ മഴ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ മുൻകരുതലെടുക്കാനും കഴിഞ്ഞില്ല. വീണ്ടും മഴ തുടർന്നാൽ ഞങ്ങളെപ്പോലുള്ളവർ വലിയ പ്രതിസന്ധിയിലാകും''
- അനിയൻ, കർഷകൻ