കോട്ടയം: ജില്ലയിൽ ഒഴിവുവന്ന അഞ്ചു നിയമസഭാ സീറ്റിൽ രണ്ടെങ്കിലും യുവാക്കൾക്ക് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധം വാചകമടിയിൽ ഒതുക്കി.
കൂടുതൽ തവണ മത്സരിച്ച സീനിയർ നേതാക്കൾ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്ന് വീമ്പിളക്കിയ യൂത്ത് കോൺഗ്രസ് നേതാക്കൾ ജില്ലാ യോഗം വിളിച്ചപ്പോൾ അതിൽ നിന്ന് പിൻമാറി. യൂത്ത് കോൺഗ്രസിന് അർഹമായ അംഗീകാരം കോൺഗ്രസും യു.ഡി.എഫും നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായി. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന നേതാക്കളുടെ അഴകൊഴമ്പൻ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് പ്രവർത്തകർ.
തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്തിലേക്ക് യുവാക്കൾക്ക് അർഹമായ പരിഗണന ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് മത്സരിച്ച 14 സീറ്റിൽ ജില്ലാ പഞ്ചായത്തിൽ പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നുവെന്ന പത്ര വാർത്തകളെ തുടർന്ന് കുറിച്ചി ഡിവിഷനിൽ സീറ്റ് നൽകിയ പി.കെ. വൈശാഖ് മാത്രമായിരുന്നു യുവാവ്. ബാക്കി മത്സരിച്ചവരുടെ ശരാശരി പ്രായം അറുപതിന് മുകളിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച 52 സീറ്റിൽ 37 ഇടത്ത് യൂത്ത് കോൺഗ്രസ് വിജയിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തൽ മാത്രമായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ യോഗത്തിൽ ഉണ്ടായത്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച ഉണ്ടായി, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ല തുടങ്ങിയ കുറ്റപ്പെടുത്തലിനപ്പുറം കോട്ടയത്ത് യു.ഡി.എഫ് തകർന്നടിഞ്ഞതിനെതിരെ ശക്തമായി പ്രതികരിക്കാൻ പോലും യൂത്ത് നേതാക്കൾക്ക് കഴിഞ്ഞില്ല.
യൂത്തിന് കൊടുക്കാൻ സീറ്റില്ല
ജോസ് വിഭാഗം മുന്നണി വിട്ടതോടെ അഞ്ചു സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന് സീറ്റ് നൽകാൻ ബുദ്ധിമുട്ടാണെന്നാണ് ഒരുന്നത കോൺഗ്രസ് നേതാവ് പറഞ്ഞത്. മാണി സി കാപ്പൻ , പി.സി.ജോർജ് തുടങ്ങിയവർ യു.ഡി.എഫിലെത്തിയാൽ സീറ്റ് നൽകണം. പുറത്തു നിന്നുള്ള നേതാക്കൾക്ക് സംസ്ഥാന നേതൃത്വം ഇടപെട്ട് കോട്ടയത്ത് സീറ്റ് അനുവദിച്ചാൽ കൊടുക്കണം. മറ്റു പല പരിഗണനകൾ വച്ച് സീറ്റ് നൽകുമ്പോൾ യൂത്ത് കോൺഗ്രസുകാർക്ക് കൊടുക്കാൻ സീറ്റുണ്ടാകില്ല .