കട്ടപ്പന: ഇരട്ടയാർ തോവാളമെട്ട് ഉറുമ്പോലിപ്പടിയിൽ കാടുകയറിയ സ്ഥലം സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വ്യാജമദ്യ നിർമാണവും മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഇവിടെ നിന്നു 220 ലിറ്റർ കോട എക്‌സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. വർഷങ്ങളായി കാടുകയറിയ സ്ഥലത്ത് രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുകയാണ്. അതിരുകൾ കാണാനാകാത്ത വിധം കാടുപിടിച്ചുകിടക്കുന്നതിനാൽ പുരയിടത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് നാട്ടുകാർക്കും അറിവില്ല. രഹസ്യ വിവരത്തെ തുടർന്നാണ് ഉടുമ്പൻചോല എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തി വൻതോതിൽ കോട പിടിച്ചെടുത്ത് നശിപ്പിച്ചത്. കാട് വെട്ടിത്തെളിക്കണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. കൂടാതെ ഇവിടം ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമാണെന്നും നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിലും പരിശോധന നടത്തി സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട് പറഞ്ഞു.