kallarkutty-dam
കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ടിംഗ് ആരംഭിച്ചപ്പോൾ

അടിമാലി: കൊവിഡ് ആശങ്കയെ തുടർന്ന് നിർത്തി വച്ചിരുന്ന കല്ലാർകുട്ടി അണക്കെട്ടിലെ ബോട്ടിംഗ് പുനരാരംഭിച്ചു.കൊവിഡ് പിടിമുറുക്കിയതോടെയായിരുന്നു കല്ലാർകുട്ടി അണക്കെട്ടിൽ നടന്നു വന്നിരുന്ന ബോട്ടിംഗ് മാസങ്ങൾക്ക് മുമ്പ് താൽക്കാലികമായി നിർത്തി വച്ചത്.വിനോദ സഞ്ചാരമേഖലകൾ വീണ്ടും സജീവമായതോടെ ഞായറാഴ്ച്ച മുതൽ കല്ലാർകുട്ടി അണക്കെട്ടിലും ബോട്ടിംഗ് പുനരാരംഭിച്ചു.കയാക്കിംഗ്, പെഡൽ ബോട്ട്, കുട്ടവഞ്ചി എന്നിവ അണക്കെട്ടിലെ ജലയാത്രക്കായി ക്രമീകരിച്ചിട്ടുണ്ട്.

രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന പെഡൽബോട്ടിന് 250 രൂപയും കുട്ടവഞ്ചിക്ക് 400 രൂപയും കയാക്കിംഗിന് 250രൂപയുമാണ് ഫീസ്.വാട്ടർ സ്‌കൂട്ടർ, ചങ്ങാടം, തുഴവഞ്ചി എന്നിവയും വൈകാതെ ബോട്ടിംഗ് സെന്ററിൽ എത്തിക്കും.

ബോട്ടിംഗ് പുനരാരംഭിച്ചതോടെ അണക്കെട്ടിലേക്ക് സന്ദർശകരും എത്തി തുടങ്ങിയതായി മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി പി .എസ്. ശ്രീധരൻ പറഞ്ഞു.മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും കെ .എസ് .ഇ. ബി ഹൈഡൽ ടൂറിസത്തിന്റെയും സംയുക്ത സഹകരണത്തോടെയാണ് കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ടിംഗ് നടന്നു വരുന്നത്.ചരിത്രപ്രാധാന്യമുള്ള തോട്ടാപ്പുരയും പരന്നകാഴ്ച്ച ഒരുക്കുന്ന ആൽപ്പാറ വ്യൂപോയിന്റും കല്ലാർകുട്ടി ബോട്ടിംഗ് സെന്ററുമായി ചേർന്ന് കിടക്കുന്ന ഇടങ്ങളാണ്.ഇവിടേക്ക് കൂടി സഞ്ചാരികളെ എത്തിച്ച് ബോട്ടിംഗ് സെന്ററിന്റെ വിനോദ സഞ്ചാര സാദ്ധ്യത വർദ്ധിപ്പിക്കാനുതകുന്ന തുടർ പ്രവർത്തനങ്ങളും മുതിരപ്പുഴ ടൂറിസം ഡവലപ്പ്‌മെന്റ് സൊസൈറ്റി മുമ്പോട്ട് കൊണ്ടു പോകുന്നുണ്ട്.