pc-george

കോട്ടയം : പി .സി. ജോർജിനെ യു.ഡി.എഫിലെടുത്താൽ പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി പൂഞ്ഞാറിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെക്കണ്ട് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിസാർ കുർബാനി പ്രതിഷേധമറിയിച്ചു. ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിച്ചാൽ റിബൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന മുന്നറിയിപ്പും നൽകി. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ യു.ഡി. എഫ് പ്രവർത്തകർ ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം ,പി .സി ജോർജിനെ യു.ഡി.എഫിലെടുക്കണമെന്ന ആവശ്യവുമായി കത്തോലിക്കാ സഭയിലെ മുതിർന്ന ബിഷപ്പുമാർ കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ

പീഡനക്കേസിലും , അഭയ കേസിലും സഭക്ക് അനുകൂലമായ നിലപാടെടുത്തതാണ് ജോ‌‌ർജിനെ ബിഷപ്പുമാർക്ക് പ്രിയപ്പെട്ടവനാക്കിയത്. ജോർജുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കണമെന്ന് ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് പാർട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഈരാറ്റുപേട്ടയിൽ മുസ്ലീം സമുദായവുമായുണ്ടായ പ്രശ്നങ്ങളിൽ, കഴിഞ്ഞ ദിവസം കോട്ടയത്ത് വാർത്താ സമ്മേളനത്തിനിടെ ജോർജ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ഇതര മത വിഭാഗങ്ങൾക്കെതിരായ ജോർജിന്റെ പ്രസ്താവനകൾ തിരിച്ചടിയാകുമോയെന്ന് ഭയപ്പെടുന്ന യു.ഡി.എഫ് നേതാക്കൾ, ജോർജിനെ മുന്നണിയിലെടുക്കാതെ സഹകരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ്. പി.ജെ.ജോസഫ് ഇതു പരസ്യമായി പ്രകടിപ്പിച്ചു. എന്നാൽ ,

യു.ഡി.എഫിൽ മാന്യമായ പരിഗണനയും, പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണമെന്നാണ് ജോർജിന്റെ ആവശ്യം . പിണറായി സർക്കാരിനെ നേരിടാൻ ഉമ്മൻചാണ്ടി തന്നെ കോൺഗ്രസിനെ നയിക്കണമെന്ന അഭിപ്രായം ജോർജ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത് എ വിഭാഗത്തിന്റെ എതിർപ്പ് മറികടക്കാനാണ്.