water

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ കൊങ്ങിണിപ്പടവ് കുരിശുമല കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച പദ്ധതിയുടെ പമ്പ്ഹൗസിലെ മോട്ടോർ കത്തിപ്പോയതോടെയാണ് 25ൽപ്പരം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയത്. പുതിയ മോട്ടോർ സ്ഥാപിച്ച് പദ്ധതി പുനസ്ഥാപിക്കണമെന്ന് കളക്ടർ നഗരസഭയ്ക്ക് നിർദേശം നൽകിയിരുന്നെങ്കിലും അവഗണിച്ചതായി നാട്ടുകാർ ആരോപിച്ചു.

കൊങ്ങിണിപ്പടവ് കുരിശുമലപടിയിലെ താമസക്കാർക്ക് കുടിവെള്ളമെത്തിക്കാൻ 2000ലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയത്. ഒന്നര പതിറ്റാണ്ടോളം നാട്ടുകാർക്ക് കുടിവെള്ളം മുടക്കമില്ലാതെ ലഭിച്ചിരുന്നു. 2018ൽ ഡീസൽ മോട്ടോർ കത്തിനശിച്ചതോടെ പദ്ധതി അവതാളത്തിലായി.

പമ്പിംഗ് നിലച്ചതോടെ ഉപയോക്താക്കളായ കുടുംബങ്ങൾ രണ്ടുവർഷമായി വില കൊടുത്ത് കുടിവെള്ളം വാങ്ങുകയാണ്. ആയിരം ലിറ്റർ വെള്ളത്തിന് 800 രൂപയാണ് ഇവർ നൽകുന്നത്.
രണ്ടുവർഷത്തിനിടെ നിരവധി തവണ കുടിവെള്ള പ്രശ്‌നം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കളക്ടറെ സമീപിക്കുകയായിരുന്നു. 2020 ജൂലായിൽ പദ്ധതി പുനസ്ഥാപിക്കാൻ കളക്ടർ നഗരസഭയ്ക്ക് നിർദേശം നൽകി. തുടർന്ന് 20.4 ലക്ഷം രൂപയുടെ രൂപരേഖ തയാറാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. മോട്ടോർപുരയിൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി നഗരസഭ ഓഫീസിൽ എത്തിയപ്പോൾ പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ പുതിയ ഭരണസമിതി ഇടപെടണമെന്നാണ് ആവശ്യം.