ചങ്ങനാശേരി: ഒമാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സുഹൈൽ ബഹ്‌വാൻ കമ്പനി സീനിയർ ഓഡിറ്ററും ചങ്ങനാശേരി ദൈവംപടി കാഞ്ഞിരത്തുംമൂട്ടിൽ വർഗീസ്- റെജിമോൾ ദമ്പതികളുടെ ഏകമകനുമായ ആൽവിൻ (22), മഹാരാഷ്ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.
ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച ശേഷം റോഡരികിലെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ് അപകടം. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ആൽവിൻ എൻജിനിയറിംഗിന് മംഗലാപുരത്താണ് പഠിക്കുന്നത്. അവധിക്കാലമായതിനാൽ മസ്‌ക്കറ്റിൽ മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോയതാണ്.