pala

പാലാ: ''ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് അറിയില്ല, ഇവരോട് ക്ഷമിക്കണേ ''. സ്വാതന്ത്ര്യ സമരസേനാനി ചെറിയാൻ ജെ. കാപ്പനെ പാലാ നഗരസഭാ ഭരണനേതൃത്വം അപമാനിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയാണ് ഇങ്ങനെ ദൈവത്തോട് അപേക്ഷിച്ചത്. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിന്റെ ആദ്യയോഗത്തിലായിരുന്നു പ്രാർത്ഥന.
നഗരസഭാ സ്റ്റേഡിയത്തിൽ ചെറിയാൻ ജെ. കാപ്പൻ സ്മാരക കവാടത്തിൽ കംഫർട്ട് സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ച സംഭവത്തെപ്പറ്റി പാലാ നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിൽത്തന്നെ ബഹളമു യരുകയായിരുന്നു. അജണ്ട ചർച്ചയ്‌ക്കെടുക്കും മുൻപെ പ്രൊഫ. സതീഷ് ചൊള്ളാനിയാണ് ഈ വിഷയം എടുത്തിട്ടത്. അജണ്ട എടുക്കുംമുൻപെ ഈ വിഷയം ചർച്ച ചെയ്യുന്നതിൽ ഭരണപക്ഷാംഗങ്ങൾ കടുത്ത എതിർപ്പുയർത്തിയതോടെ കൗൺസിൽ യോഗം ശബ്ദായമാനമായി.
സ്വാതന്ത്ര്യ സമരസേനാനി ചെറിയാൻ ജെ. കാപ്പനോട് നഗരഭരണനേതൃത്വം കടുത്ത അവഹേളനമാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം തുടർന്നു. അജണ്ട വായിക്കാൻ ഭരണപക്ഷാംഗങ്ങൾ ശബ്ദമുയർത്തി നിർബന്ധിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം മനസ്സിലാക്കി മൗനം പാലിക്കുകയായിരുന്നു ചെയർമാൻ ആന്റോ ജോസ്. പ്രതിഷേധം അംഗീകരിക്കുന്നുവെന്നും പ്രശ്‌നം പരിഹരിച്ചതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുന്നില്ലെന്നും പിന്നീട് ചെയർമാൻ പറഞ്ഞു.
കൂടുതൽ കണ്ടിജന്റ് ജീവനക്കാരെ നിയോഗിച്ചുകൊണ്ട് നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കൗൺസിൽ തീരുമാനിച്ചു. മുനിസിപ്പൽ കോംപ്ലക്‌സിലെ കടമുറികൾ എന്തുകൊണ്ട് വ്യാപാരികൾ തിരിച്ചേൽപ്പിക്കുന്നു എന്നതിനെപ്പറ്റി ചെയർമാൻ അന്വേഷിക്കണമെന്ന് ഷാജു തുരുത്തൻ ആവശ്യപ്പെട്ടു. പലയിടത്തും ടോയ്‌ലറ്റുകൾ പോലും പ്രവർത്തിക്കുന്നില്ലെന്നും ഷാജു ചൂണ്ടിക്കാട്ടി.
നഗരസഭയിൽ ആകെ നൂറ്റിമുപ്പതോളം ടോയ്‌ലറ്റുകൾ ഉണ്ടെങ്കിലും ഇതിൽ പകുതിയോളം തുറന്നു കൊടുക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി. എത്രയും വേഗം ഈ ടോയ്‌ലറ്റുകൾ ലേലം ചെയ്ത് തുറന്നു കൊടുക്കണം. ഇതിൽ ലാഭം പ്രതീക്ഷിക്കരുതെന്നും ബിനു പറഞ്ഞു. വിവിധ ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി ഇതിനോടകം അഞ്ചുലക്ഷം രൂപാ അനുവദിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസ് യോഗത്തെ അറിയിച്ചു. കൊട്ടാരമറ്റം ബസ് ടെർമിനലിലെ കംഫർട്ട് സ്റ്റേഷൻ ഞായറാഴ്ച തുറക്കുന്നില്ലെന്ന് ലീനാ സണ്ണി പരാതിപ്പെട്ടു. പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് സർജന്റെ സേവനം ഏർപ്പെടുത്തണമെന്ന് തോമസ് പീറ്റർ ആവശ്യപ്പെട്ടു. ചർച്ചകളിൽ വി.സി. പ്രിൻസ്, ജിമ്മി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവരും പങ്കെടുത്തു.