കട്ടപ്പന: കൊവിഡിൽ രൂപപ്പെട്ട വായനയുടെ വസന്തകാലത്തിന് ഹൈറേഞ്ചിലെ എഴുത്തുകാരുടെ കവിതകൾ കൂടുതൽ നിറം നൽകുന്നു. ഹൈറേഞ്ചുകാരായ എഴുത്തുകാരുടെ നിരവധി കവിതാസമാഹരങ്ങളാണ് അടുത്ത ദിവസങ്ങളിലായി പുറത്തിറങ്ങുന്നത്. ലോക്ക് ഡൗൺ കാലത്ത് വായനക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് കവിതകൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാൻ തയാറെടുക്കുന്നത്. കാഞ്ചിയാർ സ്വദേശി എൻ.ജി മോഹനന്റെ 42 കവിതകളുടെ സമാഹാരമായ 'ഉഷ്ണപക്ഷത്തിലെ നോക്കുത്തികൾ' ഇന്ന് തൃശൂർ സരോവരം ഓഡിറ്റോറിയത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്യും. കവിതയത്രി ശശികല മേനോൻ പുസ്തകം ഏറ്റുവാങ്ങും.
കട്ടപ്പന പുളിയൻമല സ്വദേശിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗവുമായ കെ.എ. മണിയുടെ 43 കവിതകളുടെ സമാഹാരമായ വേൽമുരുകൻ നാളെ കട്ടപ്പനയിൽ എഴുത്തുകാരൻ കാഞ്ചിയാർ രാജൻ പ്രകാശനം ചെയ്യും. കവി കെ.ആർ രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ചേറ്റുകുഴി സ്വദേശിനിയും മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്കൂളിലെ അദ്ധ്യാപികയുമായ ഷേർലി തോമസിന്റെ 47 കവിതകളുടെ സമാഹാരമാണ് അപരാഹ്നത്തിന്റെ കതിരുകൾ. അടുത്തമാസം ഈ പുസ്തകവും പുറത്തിറങ്ങും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രശംസാപത്രവും മികച്ച അദ്ധ്യാപികയ്ക്കുള്ള പരാമർശവും ഷേർളി തോമസിന് ലഭിച്ചിട്ടുണ്ട്. കട്ടപ്പന അമ്പലക്കവല സ്വദേശിയും മൂലമറ്റം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ സീനിയർ ക്ലർക്കുമായ പ്രിൻസ് ഓവേലിയുടെ 60 കവിതകളുടെ സമാഹാരമായ 'തിരക്കുള്ള വണ്ടിയിൽ ചന്ത ദിവസം' 17 ന് തൊടുപുഴയിൽ പ്രകാശനം ചെയ്യും.