പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിൽ കൊവിഡ് ബാധിതരായവരെയും ക്വാറന്റീനിലുള്ളവരെയും വോട്ട് ചെയ്യിക്കാനായി ഓടിയ വാഹനങ്ങൾക്ക് ഒരുമാസമായിട്ടും തുക ലഭിച്ചില്ല.

തിരഞ്ഞെടുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം പ്രതിഫലം നൽകിയിട്ടും തങ്ങളുടെ പണം തരാത്തത് നീതികേടാണെന്ന് ടാക്‌സിഡ്രൈവർമാർ ആരോപിച്ചു. പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ ഓരോ ടാക്‌സി സ്റ്റാൻഡിലും നിന്ന് അഞ്ചും ആറും വാഹനങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് ഓട്ടത്തിന് പോയത്. 10 ദിവസം വരെ ഇവ ഓടിയിട്ടുണ്ട്.

മുപ്പത്തയ്യായിരം രൂപ വരെ ലഭിക്കാനുള്ള ടാക്‌സിക്കാരുണ്ട്. കൊവിഡ് കാലത്ത് ഓട്ടം കുറവായതിനാൽ പ്രതിസന്ധിയിലായ ടാക്‌സിക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പ്രതിഫലം സമയത്ത് നൽകാത്തത് ബുദ്ധിമുട്ടേറ്റിയെന്ന് ഇവർ പറയുന്നു.