boat

കുമരകം : രണ്ടു മാസം മുമ്പ് കുമരകം, അയ്മനം, ആർപ്പുക്കര പഞ്ചായത്തുകളെ ദുരിതത്തിലാഴ്ത്തിയ കാറ്റിൽ കടപഴുകി ആറ്റിൽ വീണ മരങ്ങളുടെ കൊമ്പുകൾ വീണ്ടും ദുരിതമാകുന്നു. ചുഴലിക്കാറ്റിന്റെ ബാക്കിപത്രം പോലെ വീണ മരങ്ങൾ തോട്ടിൽ നിന്ന് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. രണ്ടു മാസത്തോളമായി പുഴകളുടെ ഒഴുക്കിനെ തടസപ്പെടുത്തി മറിഞ്ഞു കിടക്കുന്ന മരങ്ങൾ കുപ്പികളും പ്ലാസ്റ്റിക്കും മലിന വസ്തുക്കളും അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.

അയ്മനം പഞ്ചായത്തിന്റെ ഒന്നാം വാർഡ് ഉൾപ്പെടുന്ന ഒളോക്കരിച്ചിറ മുതൽ പരിപ്പ് വരെയുള്ള ഭാഗത്താണ് ജലമലിനീകരണവും ജലഗതാഗത തടസവും കുടുതൽ. ആമ്പൽ പൂക്കുന്ന മനോഹര കാഴ്ച കാണാൻ അതിരാവിലെ എത്തുന്ന ടൂറിസ്റ്റുകൾ മൂക്കുപൊത്തി മടങ്ങുകയാണ്. സമീപവാസികളെ പലതരം രോഗത്തിനടിമയാക്കുന്ന ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു . ചില പ്രദേശങ്ങളിൽ ആറ്റിലേക്ക് വീണ മരങ്ങൾ ഉടമകൾ തന്നെ വെട്ടിമാറ്റിയിരുന്നു. ആൾ താമസം ഇല്ലാത്ത പറമ്പുകളിൽ നിന്നു വീണ മരങ്ങളാണ് ഇനിയും വെട്ടിമാറ്റാത്തത്. കാറ്റിനു ശേഷം മണിക്കുറുകൾക്കകം റോഡിലെ തടസങ്ങൾ ഒഴിവാക്കിയ അധികാരികൾ ആറ്റിലെ മരങ്ങൾ മാറ്റുന്നതിന് പ്രാധാന്യം നൽകുന്നില്ല .

'ഉൾനാടൻ കാഴ്ചകൾ ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകൾക്ക് മഞ്ചാടിക്കരി പോലുള്ള പ്രദേശങ്ങളിലേക്ക് ചെന്നെത്താൽ കഴിയാത്ത അവസ്ഥയാണ്. ഇതിനാൽ സഞ്ചാരികളുമായുള്ള യാത്ര പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയാണ് പതിവ്.'

- ഷിജി, ഡ്രീംസ് ശിക്കാരി വള്ളം ഉടമ.

'മരങ്ങൾ മുറിച്ച് മാറ്റാൻ സ്ഥല ഉടമകളോട് പലവട്ടം ആവശ്യപ്പെട്ടു. ഉടമകളിൽ ചിലർ മറ്റ് പ്രദേശത്ത് താമസിക്കുന്നവരാണ്. ഇനിയും വൈകുന്ന പക്ഷം മരങ്ങൾ മുറിച്ച് മാറ്റി ചെലവ് ഉടമകളിൽനിന്ന് ഈടാക്കും.'

മനോജ് കരീമഠം, വൈസ് പ്രസിഡന്റ്, അയ്മനം പഞ്ചായത്ത്