beaf

കോട്ടയം: ലൈസൻസില്ലാതെയും ചട്ടങ്ങൾ പാലിക്കാതെയും ജില്ലയിൽ പ്രവർത്തിക്കുന്നത് അൻപത് അറവുശാലകളെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് . കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇതു കണ്ടെത്തിയത്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ ഭക്ഷ്യസുരക്ഷാ വിഭാഗമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇവക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന വിഷയത്തിലാണ് അധികൃതരുടെ നിസംഗത.

ഇവക്കെതിരെ നാട്ടുകാരുടെ ഒട്ടേറെ പരാതികൾ നിലവിലുണ്ട്. എന്നാൽ ഒരു ഫലവുമുണ്ടായില്ല. കൊവിഡ് കാലത്ത് ഇവയിൽ ചിലത് പൂട്ടിയിട്ടിരുന്നു. ഇപ്പോൾ വീണ്ടും തുറന്നു.

മീനച്ചിൽ താലൂക്കിലാണ് ഏറ്റവുമധികം അനധികൃത അറവുശാലകളുള്ളത്. മലയോര മേഖലയിൽ ഞായറാഴ്‌ചകളിൽ മാത്രം തുറക്കുന്നവയുമുണ്ട്.

മാനദണ്ഡങ്ങൾ

 തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് വേണം

 മാടുകൾക്ക് രോഗങ്ങളില്ലെന്ന സർട്ടിഫിക്കറ്റ്

 മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനം

'അറവുമാലിന്യങ്ങൾ താല്‌കാലിക കടക്കാർ അവിടെ തന്നെ ഉപേക്ഷിച്ചു പോകുകയാണ്. ഞായറാഴ്‌ചയിലും അവധി ദിവസങ്ങളിലുമാണ് മുഖ്യമായും പ്രവർത്തിക്കുന്നതിനാൽ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്താറുമില്ല. ആരെങ്കിലും എത്തിയാൽ തന്നെ കൈക്കൂലി കൊടുത്ത് ഒതുക്കുകയാണ് പതിവ്."

- വിജയപ്പൻ, ചന്തക്കടവ്

അധികൃതർ തമ്മിൽ തർക്കം

അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്ക് എതിരെ നടപടിയെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡുമാണ് ഇടപെടേണ്ടതെന്നാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പറയുന്നത്. ഇവർ തമ്മിലുള്ള തർക്കത്തിനിടെ അനധികൃത അറവു ശാലകൾ സുഗമമായി പ്രവർത്തിക്കുന്നു.