dog

കോട്ടയം: ഉഴവൂർ വെളിയന്നൂരിൽ കുറുകെ ചാടിയ നായ കാരണം ജീവൻ ബലി നൽകേണ്ടി വന്ന വനിതാ ഓട്ടോ ഡ്രൈവർ കണ്ണീരാകുമ്പോൾ തെരുവുനായയുടെ കടിയേറ്റവരുടെ എണ്ണവും ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞ വർഷം 9978 പേരെയാണ് തെരുവുനായ കടിച്ചത്. ആരും മരിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം

ജില്ലയിലെ തെരുവുനായ നിയന്ത്രണം പാളിയെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നത്. ദിവസവും ശരാശരി 32പേർക്കെങ്കിലും കടികിട്ടുന്നുണ്ട്. തെരുവുനായ ആക്രമിച്ചവരുടെ കണക്ക് 2019നേക്കാൾ കൂടുതലാണ് 2020ൽ. ലോക്ക് ഡൗൺ മൂലം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയവരും തെരുവുനായയ്ക്ക് ഇരയായെന്നർത്ഥം. പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ കടികിട്ടുന്നവരുടെ കൂട്ടത്തിലുണ്ട്. ഡിസംബറിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്, 1141. കുറവ് ജൂലായിലും, 653.

എ.ബി.സി പദ്ധതി പാളി

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ പാളി. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കേണ്ടതെങ്കിലും കുടുംബശ്രീക്കായിരുന്നു എ.ബി.സി പദ്ധതിയുടെ നടത്തിപ്പു ചുമതല. മാലിന്യ സംസ്‌കരണം ശരിയായി നടക്കാത്തതാണ് തെരുവു നായ നിയന്ത്രണം സാദ്ധ്യമാകാത്തതിന് പ്രധാന കാരണം. തെരുവിൽ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ തിന്ന് കൊഴുത്ത് നടക്കുന്ന നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുകയാണ്.

കടിയേറ്റവർ

 ജനുവരി: 917

 ഫെബ്രുവരി: 996

 മാർച്ച്: 901

 ഏപ്രിൽ: 720

 മേയ്: 834

 ജൂൺ: 763

 ജൂലായ്: 653

 ആഗസ്റ്റ്: 688

 സെപ്തംബർ: 639

 ഒക്ടോബർ: 746

 നവംബർ: 980

 ഡിസംബർ: 1141

'' കടിയേറ്റാൽ ഉടൻ ചികിത്സ തേടണം. പേവിഷം ബാധിച്ചാൽ ചികിത്സയില്ല. ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സൗജന്യ വാക്‌സിനേഷൻ ലഭിക്കും. സീറം കുത്തിവയ്പ്പുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭിക്കും''

ഡോ.ജേക്കബ് വറുഗീസ്,

ഡി.എം.ഒ