കോട്ടയം : ജില്ലയിൽ ജനസംഖ്യയിൽ മുന്നിൽ ഹൈന്ദവരാണ്. അതിൽ മുന്നിൽ പിന്നാക്കക്കാരും. എന്നാൽ ഒമ്പത് നിയമസഭാ സീറ്റിൽ വൈക്കം സംവരണ മണ്ഡലമായതിനാൽ പരിഗണിക്കുന്നതിനപ്പുറം ബാക്കിയുള്ള എട്ടു സീറ്റിലും എന്നും പരിഗണിക്കുന്നത് ക്രൈസ്തവ ,സവർണ വിഭാഗങ്ങളെ മാത്രം. ഇടതുമുന്നണി ഇടയ്ക്ക് പരിഗണന നൽകുമ്പോൾ സമീപകാലത്തൊന്നും പിന്നാക്ക വിഭാഗങ്ങള പരിഗണിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല.
പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ മാത്രമാണ് ജനസഖ്യാനുപാതികമായി ക്രൈസ്തവർ അല്പമെങ്കിലും മുന്നിലുള്ളത്. ബാക്കി ഏഴും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളാണ്. അതിൽ മുന്നിൽ ഈഴവ വിഭാഗവും. എന്നാൽ കോട്ടയമെന്ന് കേട്ടാൽ ക്രൈസ്തവ ഭൂരിപക്ഷ ജില്ലയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് സ്ഥാനാർത്ഥി പരിഗണനയിലും ക്രൈസ്തവ താത്പര്യം സംരക്ഷിക്കാനാണ് മുന്നണികളും പാർട്ടികളും ശ്രമിക്കാറുള്ളത്.
നിലവിലെ നിയമസഭാംഗങ്ങളെ പരിശോധിച്ചാൽ വൈക്കത്ത് എസ്.സി സംവരണ വിഭാഗത്തിൽ നിന്നു ജയിച്ച സി.കെ.ആശ ഒഴിച്ച് മറ്റ് എം.എൽഎമാരെല്ലാം ക്രൈസ്തവ, സവർണ വിഭാഗക്കാരായിരുന്നു. എട്ടിൽ ആറ് പേരും ക്രൈസ്തവരും രണ്ട് എം.എൽ.എമാർ നായർ വിഭാഗത്തിൽ നിന്നുള്ളവരും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലെ ചില പിന്നാക്ക സമുദായ നേതാക്കൾ കളത്തിലുണ്ടെങ്കിലും നട്ടെല്ലുയർത്തിപ്പിടിച്ച് പ്രതികരിക്കാത്തതിനാൽ സ്ഥാനാർത്ഥിത്വം ലഭിക്കുമോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ ഒമ്പതിൽ അഞ്ച് സീറ്റ് ഒഴിവുവന്നിരുന്നു. കോൺഗ്രസിലെ പലസ്ഥാനാർത്ഥി മോഹികളുടെയും പ്രതീക്ഷകൾ ഇല്ലാതാക്കി മാണി സി കാപ്പൻ, പി.സി.ജോർജ് എന്നിവർ ഇതിൽ രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പി.സി.ജോർജിന്റെ മകൻ ഷോൺജോർജും, പി.സി.തോമസും കൂടി ഈ പട്ടികയിലേക്ക് വരാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. അങ്ങനെ വന്നാൽ ഒരു സീറ്റാകും മിച്ചം. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് തന്നെ അരഡസനോളം സ്ഥാനാർത്ഥി മോഹികൾ ഇപ്പോൾ കളത്തിലുണ്ട്. പിന്നെങ്ങനെ പിന്നാക്കക്കാരെ പരിഗണിക്കും?
പറയാനുള്ളത് അവഗണനയുടെ കഥ
വർഷങ്ങളായി പിന്നാക്കക്കാർ മത്സരിച്ചുവന്ന സീറ്റായിരുന്നു കോട്ടയം. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ടി.കെ രാമകൃഷ്ണൻ പല തവണ മന്ത്രിയായത് ഇവിടെ നിന്നായിരുന്നു. എസ്.ആർ.പിയെ പ്രതിനിധീകരിച്ച് എൻ.ശ്രിനിവാസൻ മന്ത്രിയായി. കോൺഗ്രസ് മോഹൻ ശങ്കറെയും മത്സരിപ്പിച്ചിരുന്നു. വയലാർ രവിയുടെ ഭാര്യ മേഴ്സി രവിയും മത്സരിച്ചു ജയിച്ചു. പിന്നീട് കോട്ടയം പിന്നാക്കകാരുടെ മണ്ഡലമല്ലാതായി. കോട്ടയത്തെ ഈഴവ ഭൂരിപക്ഷ പഞ്ചായത്തുകൾ ഏറ്റുമാനൂർ മണ്ഡലത്തിൽ ചേർത്തിട്ടും യു.ഡി.എഫ് എൽ.ഡി.എഫ് മുന്നണികൾ പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരാളെ സ്ഥാനാർത്ഥിയാക്കിയിട്ടുമില്ല.