കോട്ടയം: വെള്ളക്കെട്ടിൽ മുങ്ങിയ ഏറ്റുമാനൂർ - ചെറുവാണ്ടൂർ പാടശേഖരങ്ങളിലെ ഒന്നര മാസമായ വിത രക്ഷിക്കാൻ അടിയന്തിര നടപടി ആരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെയും ഏറ്റുമാനൂർ നഗരസഭയുടെയും അടിയന്തിര ഇടപെടലിനെ തുടർന്നാണ് കൃഷി രക്ഷിക്കാനുള്ള നടപടിക്ക് തുടക്കമായത്.
ഇരു പാടശേഖരങ്ങളുടെയും മദ്ധ്യത്തിലൂടെ ഒഴുകുന്ന ചെറുവാണ്ടൂർ ചാലിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ചാലിലെ ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികളാണ് ഇന്നലെ ആരംഭിച്ചത്. ഇതിനായി കൊച്ചിയിൽ നിന്ന് ബാർജർ എത്തിച്ചു.
നൂറ്റമ്പത് ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇപ്പോൾ കൃഷിയോഗ്യമായ പാടശേഖരം നൂറ് ഏക്കർ മാത്രമാണ്. അതിൽ പാതിയിൽ താഴെ മാത്രമാണ് മുൻ കാലങ്ങളിൽ കൃഷി ചെയ്തിരുന്നത്. നഗരസഭാ ചെയർമാൻ ലൗലി ജോർജ്, കൗൺസിൽ അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പാടശേഖരം സന്ദർശിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞാൽ കൃഷിമന്ത്രി സുനിൽകുമാർ പാടശേഖരം സന്ദർശിച്ച് ബണ്ട് റോഡ് ഉൾപ്പെടെ നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് ജനകീയ സമിതി കൺവീനർ അഡ്വ.പ്രശാന്ത് രാജൻ പറഞ്ഞു.