ചങ്ങനാശേരി: ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന് യാത്രക്കാർ. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡ് മാലിന്യക്കൂമ്പാരത്തിലേക്കാണ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. വാഴൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വൻതോതിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ പരിസരം മിനി ഡംപിംഗ് യാർഡായി മാറി. വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാത്തതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടേക്ക് വലിച്ചെറിയുകയാണ്. മുമ്പ് കുന്നുകൂടിക്കിടന്നിരുന്ന മാലിന്യം നഗരസഭ നീക്കം ചെയ്തിരുന്നു. എന്നാൽ നഗരസഭയിൽ പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ഇതുവരെ മാലിന്യം നീക്കിയിട്ടില്ല. നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്റ്റാൻഡിൽ നിന്നും മാലിന്യം നീക്കാത്തത് രോഗസാധ്യതയും വർദ്ധിപ്പിക്കുകയാണ്.
കൂട്ടിയിട്ട് കത്തിക്കും!
കിഴക്കൻ മേഖലയിൽ നിന്നുള്ള ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് മാലിന്യം ചാക്കുകളിൽ കെട്ടി തള്ളിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം കംഫർട്ട് സ്റ്റേഷന് സമീപം കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. മഴ പെയ്താൽ മലിനജലം സ്റ്റാൻഡിലൂടെ പരന്നൊഴുകുന്ന അവസ്ഥയുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മലിനജലം കടന്നുവേണം യാത്രക്കാർക്ക് ബസുകളിൽ കയറാൻ.