കട്ടപ്പന: നഗരസഭാപരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഇതോടെ സ്‌കൂളുകളും കോളജുകളും രണ്ടാഴ്ചയ്ക്ക് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് നഗരസഭ ആവശ്യപ്പെടും. രോഗ വ്യാപനം രൂക്ഷമായ തൂങ്കുഴി, വള്ളക്കടവ്, പാറക്കടവ് എന്നിവിടങ്ങളിൽ അടുത്തദിവസങ്ങളിൽ മൊബിലിറ്റി പരിശോധനകൾ ആരംഭിക്കും. മുമ്പ് നഗരങ്ങളെ അപേക്ഷിച്ച് കട്ടപ്പനയിൽ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു. ജനുവരി ഒന്നുമുതൽ ഇന്നലെ വരെ 247 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ എട്ടിന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഒരു മേഖലയിൽ മാത്രം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന കണക്കായിരുന്നു ഇത്. തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കുന്ന മുന്നറിയിപ്പ് ശരിവയ്ക്കുന്ന തരത്തിലാണ് കട്ടപ്പനയിലെ കണക്കുകൾ. ഉറവിട മറിയാത്ത കേസുകളും കൂടുതലാണ്.
സ്ഥിതി രൂക്ഷമായതോടെ ഇന്നലെ നഗരസഭാദ്ധ്യക്ഷ ബീന ജോബിയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നിരുന്നു. സമൂഹവ്യാപന സാദ്ധ്യത മുന്നിൽക്കണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ആവശ്യപ്പെടുന്നത്. ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. അതേസമയം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ സേവനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുയർന്നു.