pipe

മണർകാട്: പൈപ്പ് പൊട്ടൽ വ്യാപകമായിട്ടും നാളിതുവരെ നടപടിയില്ല. ദിവസവും ആയിരകണക്കിന് ലിറ്റർ വെള്ളമാണ് ഇത്തരത്തിലുള്ള പൊട്ടലിലൂടെ പാഴാകുന്നത്. മണർകാട് മാലം പോസ്റ്റ് ഓഫീസ് റോഡ്, കവല തുടങ്ങി നിരവധി സ്ഥലങ്ങളിൽ വിവിധ സമയങ്ങളിലാണ് പൈപ്പ് പൊട്ടൽ വ്യാപകമാകുന്നത്. കലങ്ങി മറിഞ്ഞ വെള്ളം റോഡിലൂടെ പരക്കെ ഒഴുകുന്നത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം യാത്രക്കാരിലേക്ക് വീഴുന്നതിനും ഇടയാക്കുന്നു. തിരഞ്ഞെടുപ്പ് സമയത്തും അതിനുശേഷവും ഇവിടുത്തെ സ്ഥിതി ഇതുതന്നെയാണ്. വെള്ളം കടന്നുപോകുന്ന പൈപ്പിലുണ്ടായ ലീക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ഇടയ്ക്ക് നന്നാക്കുകയും ചെയ്തിരുന്നെങ്കിലും പൈപ്പ് പൊട്ടലിനു കുറവില്ല. പൈപ്പ് പൊട്ടലിന്റെ ഫലമായി റോഡിനു മദ്ധ്യഭാഗത്തായി കുഴിയും രൂപപ്പെട്ട നിലയിലാണ്. കുഴിയിൽ ചാടി അപകടത്തിൽപ്പെടാതിരിക്കാനായി നാട്ടുകാർ ചേർന്ന് അപായ സൂചനയും നല്കിയിട്ടുണ്ട്. ദിവസങ്ങളോളമായി പൈപ്പ് പൊട്ടിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചിലയിടങ്ങളളിൽ തുടർച്ചയായി പൈപ്പ് പൊട്ടൽ ഉണ്ടാകാറുണ്ട്. കൂടാതെ, ചങ്ങനാശേരി നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായ തോതിലാണ് വെള്ളം റോഡരികിലൂടെ ദിവസങ്ങളോളം പാഴാകുന്നത്. വാഴൂർ റോഡിൽ നടയ്ക്കപ്പാടം, കുരിശുംമൂട്, അസീസി റോഡ്, തൃക്കൊടിത്താനം, നാലുകോടി, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ കെ എസ് ആർ ടി സി എന്നിവിടങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടലിന്റെ ആഘാതത്തിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻവശത്തെ റോഡിൽ മുമ്പ് വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതിനു സമീപത്തായാണ് നിലവിൽ വെള്ളം പാഴായി ഒഴുകുന്നത്. എന്നാൽ, നാളിതുവരെയായി അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. അടിയന്തരമായി പൈപ്പ് പൊട്ടൽ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.