കോട്ടയം: അടിപൊളിയാകാനുള്ള ഒരുക്കത്തിലാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ. മൂന്ന് ഫ്ലാറ്റ്ഫോമുകൾ കൂടി തയാറാവുന്നു. ഒപ്പം പുതിയ പ്രവേശന കവാടവും. ഇരട്ടപ്പാത ഡിസംബറിൽ പൂർത്തിയാവും മുമ്പേ ഇതിന്റെ ജോലികളും പൂർത്തിയാക്കാനാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. കൂടാതെ കോട്ടയത്തുനിന്നും വേളാങ്കണ്ണി, ബംഗളുരു, മുംബൈ ഭാഗത്തേക്ക് എക്സ്‌പ്രസ് ട്രെയിനുകൾ ആരംഭിക്കാനും നടപടികൾ തുടങ്ങി. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാതയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറിൽ പണി പൂർത്തിയാക്കി ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും.
നിലവിൽ മൂന്ന് ഫ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനുള്ളത്. പുതിയതായി നിർമ്മിക്കുന്ന ഫ്ലാറ്റ്ഫോമുകളുടെ നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. ഇത് നവംബറിൽ പൂർത്തിയാക്കും. സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ പ്രവേശന കവാടത്തിന്റെ പണിയും ആരംഭിച്ചുകഴിഞ്ഞു. നാഗമ്പടം ഭാഗത്തുനിന്നാണ് രണ്ടാമത്തെ പ്രവേശനകവാടം ഒരുങ്ങുന്നത്. നാഗമ്പടം ഭാഗത്താണ് പുതിയതായി ഫ്ലാറ്റ്ഫോമുകൾ നിർമ്മിക്കുക.
ഇതിനൊപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്ന് എറണാകുളം പാസഞ്ചർ ട്രെയിനുകൾ നിർത്തിയിടാൻ ഒരു പ്ലാറ്റ്ഫോം സജ്ജമാക്കും. മറ്റ് ട്രെയിനുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കില്ല. ഒന്നാം പ്ലാറ്റ്ഫോമിന്റെ വശത്തായി 1 എ പ്ലാറ്റ്ഫോമായിട്ടാകും ഇതു വരിക. ഫലത്തിൽ 6 പ്ലാറ്റ്ഫോമുകൾ ഇതോടെ കോട്ടയത്ത് വരും. കൂടുതൽ പ്ലാറ്റ്ഫോമുകൾ വരുന്നതോടെ കോട്ടയത്ത് നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നാണ് ദക്ഷിണ റെയിൽവേ ഉറപ്പുനല്കിയിട്ടുള്ളതെന്ന് തോമസ് ചാഴികാടൻ എം.പി വ്യക്തമാക്കി. ഇതോടെ വേളാങ്കണ്ണി, ബംഗളുരു, മുംബൈ ഭാഗത്തേക്ക് കോട്ടയത്ത് നിന്ന് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ
എം. സി. റോഡിൽ നാഗമ്പടം പാലം ഭാഗത്തുനിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കാനാണ് രണ്ടാം പ്രവേശന കവാടം സജ്ജമാക്കുന്നത്. ഇവിടെ പുതിയ കെട്ടിയം പണിയും ടിക്കറ്റ് ബുക്കിംഗ് കൗണ്ടറും ഇതോടൊപ്പം സജ്ജമാക്കും. പുതിയ കവാടം വരുന്നതോടെ ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വേഗത്തിൽ സ്റ്റേഷനിൽ എത്താനാകും. രണ്ടാം കവാടത്തിൽ നിന്നും പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലവും നിർമ്മിക്കും.
ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപാതയുടെ ഭാഗമായി നിർമ്മിക്കുന്ന മേൽപാലങ്ങളുടെ പണികളും പൂർത്തിയായിവരികയാണ്. റെയിൽവേയുടെ ജോലികൾ ഡിസംബറിന് മുൻപായി പൂർത്തിയാക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. സമീപന പാതകൾ നിർമ്മിക്കേണ്ടത് റോഡ്സ് ആന്റ് ബ്രിജസ് ഡവലപ്പ്മെന്റ് കോർപ്പറേഷനാണ്. പാക്കിൽ, കാരിത്താസ്, മാഞ്ഞൂർ ഉൾപ്പെടെ പത്ത് മേൽപാലങ്ങളുടെ നിർമ്മാണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്.