വൈക്കം : വൈക്കം തവണക്കടവ് ഫെറിയിൽ സർവീസ് നടത്തിയിരുന്ന ജങ്കാർ സർവ്വീസ് നിലച്ചിട്ട് പത്ത് മാസം. വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ജങ്കാർ സർവീസ് കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ കാലത്താണ് പുനരാരംഭിച്ചത്. കൊവിഡ് വ്യാപനത്തോടെ നിർമ്മാണമേഖലയിൽ സ്തംഭനമുണ്ടായതോടെ ജങ്കാർ നിലച്ചു. ഇപ്പോൾ ഇളവു നൽകി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതിനാൽ ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. വൈക്കം നഗരസഭയും ചേന്നം പള്ളിപ്പുറം പഞ്ചായത്തും സംയുക്തമായി നടത്തുന്ന സർവീസിന്റെ കരാർ കൊച്ചിൻ ഫെറി സർവീസിനാണ്. കൊച്ചിയിൽ റോറോ സർവീസും മറ്റിടങ്ങളിൽ ജങ്കാർ സർവീസും തുടങ്ങിയിട്ടും വൈക്കം തവണക്കടവ് ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വൈക്കം തവണക്കടവ് ജങ്കാർ സർവീസിൽ ഓപ്പറേറ്റിംഗ് വിംഗിലുണ്ടായിരുന്ന 10 തൊഴിലാളികളും 10 അനുബന്ധ തൊഴിലാളികളും തൊഴിൽ നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഓണക്കാലത്ത് തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ബന്ധപ്പെട്ടവർ പരിഗണിച്ചിരുന്നില്ല. കോട്ടയത്ത് നിന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കെട്ടിട നിർമ്മാണ സാമഗ്രികൾ ഏറെയും കൊണ്ടുപോകുന്നത് ജങ്കാർ സർവീസ് വഴിയായിരുന്നു. കിലോമീറ്ററുകൾ യാത്രാ ലാഭമുള്ള ജങ്കാർ സർവീസ് ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായിരുന്നു.
നിവേദനം നൽകും
വൈക്കം: വൈക്കം തവണക്കടവ് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി വൈക്കം ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജലഗതാഗതവകുപ്പ് മന്ത്റി എ.കെ.ശശീന്ദ്രന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.എൻ.സി.പി വൈക്കം ബ്ലോക്ക് പ്രസിഡന്റ് എം.കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.വി ബേബി, സി.എ മാഹിൻ, റഷീദ് കോട്ടപ്പുള്ളി, ശിവദാസ് പുഴയാരത്ത്, ടിറ്റോ ചാണ്ടി, ഷിബു, ജോസ് കുര്യൻ, മിൽട്ടൺ ,ബിബിൻ പോൾ, മോഹനൻ ചെറുകര, വി.പി.മുരളീധരൻ, ടി.എസ്.ജോർജ്, ലിസമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.