kaitha-

കോട്ടയം : കൊവിഡ് ലോക്ഡൗണിൽ കയറ്റുമതി നിലച്ച് വിലത്തകർച്ച നേരിട്ട കൈതച്ചക്ക കൃഷിയും ഉയിർത്തെഴുന്നേറ്റില്ല. പാട്ടത്തിനെടുത്തും കടംവാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. നല്ല വിളയാണെങ്കിൽ പത്തുരൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ജില്ലയിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. മണർകാട്, മറ്റക്കര, കറുകച്ചാൽ, നെടുംകുന്നം, കൂരോപ്പട, പള്ളിക്കത്തോട്, ചങ്ങനാശേരി, മാടപ്പള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി. ലാഭം കണക്കാക്കാതെ വ്യാപാരികളും കർഷകരും കൈതച്ചക്ക വഴിയോര കച്ചവടവും ആരംഭിച്ചിട്ടുണ്ട്.

ലോഡ് കയറിപ്പോകുന്നില്ല

കേരളത്തിൽ നിന്ന് പ്രധാനമായും കൈതച്ചക്ക കയറ്റി അയച്ചിരുന്നത് തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ്. ലോഡ് കയറിപ്പോകാത്തതാണ് വിലത്തകർച്ചയ്ക്ക് പ്രധാന കാരണം. ലോറിക്കും ക്ഷാമം നേരിടുന്നുണ്ട്. ലോക്ഡൗണിന് മുൻപ് മാർച്ച് ആദ്യം 28, 29 രൂപവരെ കൈതച്ചക്കയ്ക്ക് വിലയുണ്ടായിരുന്നു. പലയിടത്തും കൈതച്ചക്ക പഴുത്ത് നശിക്കുകയാണ്. ഇതിനിടെ കൈതയ്ക്ക് വേരുകേടും വ്യാപകമാകുകയാണ്. ഇത് തൂക്കത്തിലും കുറവ് വരുത്തും.


പ്രതികൂല കാലാവസ്ഥ, പണിക്കാരുമില്ല

അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗം പേരും മടങ്ങിയെത്താതും കൈതത്തോട്ടങ്ങളിൽ ആവശ്യത്തിന് പണിക്കാരെ കിട്ടാത്തതും കൃഷിയെ പ്രതികൂലമായി ബാധിച്ചു. മഴയും തണുപ്പും വർദ്ധിച്ചതും കൃഷിയെ ബാധിച്ചു. വളങ്ങൾക്കും വില കൂടുതലാണ്. സബ്‌സിഡിയടക്കമുള്ള സർക്കാർ സഹായവും ലഭിക്കുന്നില്ല.

''20 രൂപയ്ക്ക് മുകളിൽ വില ലഭിച്ചെങ്കിലേ കർഷകന് ഗുണകരമാകൂ. കഴിഞ്ഞ വർഷം പറമ്പിൽ കിടന്ന് നശിക്കാതെ ചക്കകൾ കയറിപ്പോയി. കൊവിഡും ലോക്ക്ഡൗണും വന്നതോടെ വിപണി ഇടിഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിക്കുന്നു.

(പി.ടി.സജി, കൈതച്ചക്ക കർഷകൻ)